തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐഎഫ്എഫ്കെ സ്ക്രീനിങ് സമയത്ത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പ്രധാന തെളിവുകളായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവദിവസം ഇരുവരും ഹോട്ടലിലുണ്ടായിരുന്നത് ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.
ചലച്ചിത്രപ്രവർത്തകയുടെ പരാതിയിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ക്രീനിങ് ചർച്ചയുടെ പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
അതേസമയം, കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇത് പരിഗണിക്കുന്നതിന് മുമ്പ് പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. ആരോപണങ്ങൾ പൂർണമായി നിഷേധിച്ച കുഞ്ഞുമുഹമ്മദ്, തെറ്റിദ്ധാരണയാകാമെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.










