
ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തുന്ന പരിശോധനയിൽ ഇന്ന് 15 അസ്ഥി ഭാഗങ്ങൾ കണ്ടെടുത്തു. ഇതിന്റെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. പരിശോധനയുടെ മൂന്നാം ദിവസമാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. സ്പോട്ട് നമ്പർ ആറിൽ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.
അതേസമയം, ആറാമത്തെ കുഴിയിലെ പരിശോധന പൂർത്തിയായി. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിക്കൊപ്പം മറ്റ് സാക്ഷികളുടെ കൂടി സാന്നിധ്യത്തിൽ മഹസർ നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത് നിന്ന് കിട്ടിയ അസ്ഥി കഷണങ്ങൾ ബയോ സേഫ് ബാഗുകളിലാക്കി ലേബൽ ചെയ്യും. പരിശോധനയുടെ ഓരോ നടപടികളും എസ്ഐടി സംഘം ചിത്രീകരിക്കുന്നുമുണ്ട്. അതേസമയം, കനത്ത മഴ തുടരുന്ന ധർമസ്ഥലയിൽ പരിശോധന നടക്കുന്ന കുഴികളിൽ വെള്ളം കയറിയതിനെ തുടർന്ന് കുഴിയെടുത്ത ഇടങ്ങളിൽ നാല് വശത്തും പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചു. തെളിവ് ശേഖരിച്ച സ്ഥലങ്ങൾ പൂർണമായി മൂടുകയും ചെയ്തു.