ഇസ്ലാമാബാദ്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർണായക പങ്ക് വഹിച്ചുവെന്ന പരാമർശത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന് പരിഹാസം. ‘സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചതിൽ ട്രംപിന് ഹൃദയം നിറഞ്ഞ നന്ദി’ എന്ന് ഷരീഫ് എക്‌സിലാണ് കുറിച്ചത്. ഇതിനോട് പ്രതികരിച്ച് അമേരിക്കയിലെ മുൻ പാക് അംബാസഡർ ഹുസൈൻ ഹഖാനി രൂക്ഷമായി പരിഹസിച്ചു. ‘ട്രംപിനെ പുകഴ്ത്തൽ ഒളിമ്പിക്‌സിൽ ഷെഹബാസ് ഷരീഫ് സ്വർണ മെഡൽ സ്വന്തമാക്കും’- എന്നായിരുന്നു പരിഹാസം.
ഹഖാനിയുടെ പോസ്റ്റ് കോൺഗ്രസ് എംപി ശശി തരൂർ റീപോസ്റ്റ് ചെയ്തതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടി. മാധ്യമപ്രവർത്തകൻ ഫരീദ് സക്കറിയ തമാശയായി പറഞ്ഞ ‘ട്രംപ് പുകഴ്ത്തൽ ഒളിമ്പിക്‌സ്’ എന്ന ആശയം ഉദ്ധരിച്ചാണ് ഹഖാനി പാക് പ്രധാനമന്ത്രിയെ കളിയാക്കിയത്. ‘ഈ കായിക വിനോദത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇപ്പോഴും മുൻനിരയിലാണ്’ എന്ന് അദ്ദേഹം കുറിച്ചു.
ട്രംപിനോടുള്ള ഷരീഫിന്റെ ആരാധന പുതിയതല്ല. ഈ മാസം ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്ന് ട്രംപിനെ വിശേഷിപ്പിച്ച അദ്ദേഹം, നൊബേൽ സമ്മാനത്തിന് പാകിസ്താൻ അദ്ദേഹത്തെ നാമനിർദേശം ചെയ്തതായും വെളിപ്പെടുത്തി. ട്രംപിന്റെ നയങ്ങളോടുള്ള ഈ ആകർഷണം പാക്-യുഎസ് ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നു.















