ഗാസ പുനര്‍നിര്‍മ്മിക്കാന്‍ ‘പതിറ്റാണ്ടുകള്‍’ എടുക്കും,70 ബില്യണ്‍ ഡോളറെങ്കിലും ചിലവാകുമെന്നും വിദഗ്ധര്‍, അതുവരെ ജീവിക്കാന്‍ പോയിട്ട്, അതിജീവിക്കാന്‍ പോലും പ്രയാസം

ഗാസയില്‍ ആരും ഒന്നും പഴയതുപോലെയാകില്ല. ഗാസയ്ക്ക് ഇപ്പോഴുള്ളത് യുദ്ധത്തിന്റെ നിറവും മണവുമാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ, ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഗാസ പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളല്ല, പതിറ്റാണ്ടുകള്‍ എടുത്തേക്കാം എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, പലസ്തീന്‍ ജനതയ്ക്കായി ഗാസ മുനമ്പ് പുനര്‍വികസിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇത്തരം യാഥാര്‍ത്ഥ്യങ്ങളും ചര്‍ച്ചയില്‍ ഇടംപിടിക്കുന്നത്. ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, ലോകബാങ്ക് എന്നിവ സംയുക്തമായി നടത്തിയ വിലയിരുത്തല്‍ പ്രകാരം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 70 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഗാസ മുനമ്പില്‍ നിന്ന് ഏകദേശം 81,000 ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അത് തുടരുകയാണെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയിലെ ഉദ്യോഗസ്ഥനായ ജാക്കോ സിലിയേഴ്സ് ഒരു പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ പുനര്‍നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്നോ ആരാണ് ഈ ശ്രമത്തിന് ധനസഹായം നല്‍കുകയെന്നോ ഒന്നും വ്യക്തമല്ലെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധന്‍ ഹാഡി അമര്‍ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്ററിന്റെ കണക്കനുസരിച്ച്, സെപ്റ്റംബര്‍ 23 വരെ ഗാസ നഗരത്തിലെ എല്ലാ കെട്ടിടങ്ങളുടെയും ഏകദേശം 83% വും തകര്‍ന്നുവെന്നാണ് വ്യക്തമാകുന്നത്. ഗാസ മുനമ്പില്‍ ഇസ്രായേലിന്റെ വിപുലമായ സൈനിക നടപടി കാരണം രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ജല, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം തകര്‍ന്നുവെന്ന് 2022 മുതല്‍ 2025 വരെ പലസ്തീന്‍ കാര്യങ്ങളുടെ മുന്‍ യുഎസ് പ്രതിനിധി അമര്‍ പറഞ്ഞു. ‘പുനര്‍നിര്‍മ്മാണം നടക്കുന്നതുവരെ ആളുകള്‍ക്ക് അതിജീവിക്കാന്‍ പോലും അവിശ്വസനീയമാംവിധം ബുദ്ധിമുട്ടായിരിക്കുമെന്നും അമര്‍ ചൂണ്ടിക്കാട്ടി.

ഗാസയിലെ സൈനിക നടപടിക്കെതിരെ മാനുഷിക അവകാശ ഗ്രൂപ്പുകളില്‍ നിന്നും സഹായ ഗ്രൂപ്പുകളില്‍ നിന്നും ഇസ്രായേല്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. എന്നാല്‍, ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന വാര്‍ത്ത ഇസ്രായേല്‍ നിഷേധിച്ചു, ജനങ്ങളുടെ പാര്‍പ്പിടങ്ങള്‍ ലക്ഷ്യമിട്ടുവെന്ന അവകാശവാദങ്ങളും നിഷേധിച്ചു.

അവശിഷ്ടങ്ങളും വന്‍തോതിലുള്ള നാശവും കണക്കിലെടുത്ത്, ഗാസയെ വീണ്ടെടുക്കാന്‍ നിരവധി ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ആവശ്യമായി വരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിരിക്കുന്ന നിരവധി മൃതദേഹങ്ങള്‍ ആശങ്കാജനകമാണെന്നും അവ പുറത്തെടുക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല, പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ്, പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും പൊട്ടാത്ത ധാരാളം ബോംബുകളും മറ്റും നീക്കം ചെയ്യേണ്ടതുണ്ടെന്നും ഇത് വര്‍ഷങ്ങളെടുക്കുന്ന ഒരു സങ്കീര്‍ണമായ പ്രശ്‌നമാണെന്നും വിദഗ്ധാഭിപ്രായമുണ്ട്. അതിനിടയില്‍ ജലവിതരണം, വൈദ്യുതി തുടങ്ങിയ സേവനങ്ങളുടെ പുനഃസ്ഥാപനവും ആവശ്യമാണ്.

ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഗാസയിലേക്ക് എത്രത്തോളം അധിക മാനുഷിക സഹായം അനുവദിച്ചിട്ടുണ്ടെന്ന് ഇനിയും വ്യക്തമല്ല, എന്നാല്‍, ഗാസയിലേക്ക് ആവശ്യത്തിന് സഹായം അനുവദിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ വളരെക്കാലമായി വാദിക്കുന്നത്.

യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍, കാനഡ, യു.എസ്. എന്നിവ ഗാസ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ 70 ബില്യണ്‍ ഡോളറിന് സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് യു.എന്‍. ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു. ഇത് സംബന്ധിച്ച്
യു.എസുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Experts say it will take ‘decades’ to rebuild Gaza, costing at least $70 billion

More Stories from this section

family-dental
witywide