തെലങ്കാന മരുന്നു നിര്‍മാണ കമ്പനിയിലെ സ്‌ഫോടനം : മരണം 42ലേക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി : തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 42 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെ 9.30നാണ് അപകടമുണ്ടായത്. 12 ഓളം പേര്‍ മരിച്ചതായാണ് ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപകടമുണ്ടാകുമ്പോള്‍ 90 തൊഴിലാളികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഏതാനും തൊഴിലാളികള്‍ 100 മീറ്റര്‍ അകലേക്കുവരെ തെറിച്ചുവീണെന്നും
തെലങ്കാന ആരോഗ്യമന്ത്രി ദാമോദര്‍ രാജനരസിംഹ പറഞ്ഞു.