കണ്ണൂർ പിണറായി വേണ്ടുട്ടായി കനാൽ കരയിൽ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി ഗുരുതരമായി തകർന്നു. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി പ്രദേശവാസികളെ ഞെട്ടിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഉഗ്രശേഷിയുള്ള നാടൻ പടക്കം കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവസ്ഥലം.
വിപിൻ രാജിനെ ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിപിൻ രാജിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം ബോംബാണോ പടക്കമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും പ്രദേശത്ത് നടുക്കം നിലനിൽക്കുകയാണ്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.










