
മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിശക്തമായതോടെ കേരളത്തിൽ അത്യപൂർവമായ അസാധാരണ നടപടിയിലേക്ക് കടന്ന് വനം വകുപ്പ്. ആളെക്കൊല്ലി കടുവയെ വെടിവച്ച് കൊല്ലാനടക്കമുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ അത്യപൂർവമായാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിട്ടത്.
ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ എസ് ഒ പി കർശനമായി പാലിച്ചാകണം നടപടികളെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിൽ പറയുന്നുണ്ട്. സാധാരണ വെടിവെച്ചു കൊല്ലാൻ ഓർഡർ ഇറങ്ങാറില്ല. 2012 – 13 ൽ ആണ് ഒടുവിൽ ഒരു കടുവയെ വെടിവച്ചു കൊന്നത്. മൂടക്കൊല്ലിയിലിറങ്ങിയ ആളെക്കൊല്ലി കടുവയെ ആണ് വെടിവച്ചു കൊന്നത്.
അതേസമയം വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് സ്ഥലത്ത് ഉയർന്നിട്ടുള്ളത്. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍. കേളുവും പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു. കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്നാലെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടവും വനംമന്ത്രിയും ഉത്തരവിറക്കി. പ്രതിഷേധം തണുപ്പിക്കാനായി കടുവയുടെ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി അഞ്ചു ലക്ഷം രൂപ കൈമാറി. മന്ത്രി ഓ ആർ കേളുവാണ് പണം കൈമാറിയത്. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷമാണ് രാധയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചത്.











