
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പെരുമഴക്കാലം. ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നാളെ മുതൽ കേരളത്തിൽ അതിതീവ്ര മഴ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത 4 ദിവസം വിവിധ ജില്ലകളിൽ റെഡ് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടത് കേരളത്തിലെ മഴ സാഹചര്യം കൂടുതൽ ശക്തമാക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 14 -16 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
14/06/2025: കണ്ണൂർ, കാസറഗോഡ്
15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്
17/06/2025: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ്
17/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.