കണ്ണുകളുടെ ആരോഗ്യത്തിന് മൂത്രം ഉപയോഗിച്ച് കഴുകാന്‍ ഉപദേശിച്ച് യുവതി, ഓക്കാനിക്കാന്‍ വരുന്നുവെന്ന് സോഷ്യമീഡിയ

ന്യൂഡല്‍ഹി: കണ്ണുകളുടെ ആരോഗ്യത്തിന് മൂത്രം ഉപയോഗിച്ച് കഴുകാന്‍ ഉപദേശിച്ച് യുവതിയുടെ വൈറല്‍ വീഡിയോ. സോഷ്യല്‍ മീഡിയ വ്യാപകമായി രൂക്ഷമായ പ്രതികരണങ്ങളാണ് നല്‍കുന്നത്.

‘മരുന്ന് രഹിത ജീവിത പരിശീലക’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൂനെ സ്വദേശിനിയായ നൂപുര്‍ പിറ്റിയാണ് അറപ്പുളവാക്കുന്ന വീഡിയോയുമായി എത്തിയത്. താന്‍ പരീക്ഷിക്കുന്ന നേത്ര പരിചരണ രീതിയെന്ന വിചിത്രവാദവുമായാണ് അവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി.

മൂത്രം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയും അതിന്റെ ഗുണങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. ഇത് പ്രകൃതിയുടെ സ്വന്തം മരുന്ന്’ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിപ്പിച്ചത്.

രാവിലെ ആദ്യത്തെ മൂത്രം ശേഖരിച്ച് ഉപയോഗിച്ചാല്‍ കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, പ്രകോപനം എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ തെറ്റായ അവകാശവാദം. മൂത്രം നിറച്ച ചെറിയ പാത്രത്തില്‍ കണ്ണുകള്‍ കഴുകുകയും കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, വശങ്ങളിലേക്കും, മുകളിലേക്കും താഴേക്കും ചലിപ്പിച്ച് മൂത്രം പൂര്‍ണ്ണമായും കണ്ണുകളിലേക്ക് കടക്കാന്‍ അനുവദിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കണ്ണുകള്‍ ഒരു തൂവാല കൊണ്ട് മൃദുവായി തുടയ്ക്കാനും അവര്‍ ഉപദേശിച്ചു.

മൂത്രം വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്ന് ഇവര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

ശരീരം പുറം തള്ളുന്ന മാലിന്യമാണ് മൂത്രമെന്നും അത് വീണ്ടും ശരീരത്തിലേക്ക് കടക്കുന്നത് അപകടമാണെന്നും ചിലര്‍ പ്രതികരിച്ചു. ശരീരം പുറംതള്ളുന്ന യൂറിയ, വിഷവസ്തുക്കള്‍, അധിക ലവണങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ മൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. മൂത്രം കുടിക്കുന്നത് ജലാംശം കുറയുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം, വൃക്കകളെയും മറ്റ് അവയവങ്ങളെയും സമ്മര്‍ദ്ദത്തിലാക്കും.

അണുബാധയുള്ളവരില്‍ മൂത്രത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടാകും ഇത് അണുബാധ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മൂത്രത്തിന്റെ ആര്‍ത്തിച്ചുള്ള ഉപയോഗം വൃക്കകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ നിലവിലുള്ള ആരോഗ്യസ്ഥിതി വഷളാക്കുകയോ ചെയ്യും. മൂത്രം വീണ്ടും ശരീരത്തില്‍ കടക്കുന്നത് ഗുണകരമാണ് എന്നുള്ളതിന് യാതൊരു ശാസ്ത്രീയ തെളിവുമില്ലാത്തപ്പോഴാണ് ഇത്തരം തെറ്റായ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide