യുഎസ്-വെനിസ്വേല സംഘർഷങ്ങൾക്കിടയിൽ പുതിയ അവകാശവാദങ്ങൾ പുറത്തു വരുന്നു. വാഷിംഗ്ടൺ ഡി.സിക്ക് സമീപമുള്ള മേരിലാൻഡിലെ ആൻഡ്രൂസ് എയർ ഫോഴ്‌സ് ബേസിൽ നിന്ന് ഡിസംബർ 5-ന് F-16 യുദ്ധവിമാനങ്ങൾ അടിയന്തരമായി പറത്തിയെന്നാണ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പറയുന്നത്. ഈ റിപ്പോർട്ടുകൾ ആളുകളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചു. എന്തെങ്കിലും എയർസ്പേസ് ലംഘനമാണോ നടന്നതെന്ന ചോദ്യവും ഉയർന്നു.
എന്നാൽ വിമാനങ്ങൾ പറത്തിയതിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. NORAD-ലോ പെന്റഗൺ-ലോ നിന്ന് പ്രസ്താവന ഒന്നും പുറത്തുവന്നിട്ടില്ല. ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. ബാൾട്ടിമോർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ടവർ എല്ലാ വിമാനങ്ങളും താൽക്കാലികമായി നിലത്ത് തന്നെ നിർത്തണമെന്ന് നിർദ്ദേശിച്ചതായും ഒരു റിപ്പോർട്ട് പറയുന്നു.
എമർജൻസി ആണോ? എയർസ്പേസ് ലംഘനമോ? അറിയിപ്പില്ലാത്ത ഓപ്പറേഷനോ? എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു പേജ് ഈ അവകാശവാദം ഷെയർ ചെയ്തത്. ‘യുദ്ധവിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പറക്കാൻ തുടങ്ങുമ്പോൾ… പിന്നിൽ എന്തെങ്കിലും നടക്കുന്നു’ എന്നും അവർ കുറിച്ചു.
ഒരു ഫ്രീലാൻസ് ജേണലിസ്റ്റ് ബാൾട്ടിമോർ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ളതാണെന്ന് പറഞ്ഞ ഒരു ഓഡിയോയും പങ്കുവച്ചു. കുറച്ച് നേരം വിമാനങ്ങൾ പറക്കാൻ അനുമതി നിഷേധിച്ചതും അത് ഡി.സി. എയർസ്പേസിലെ ‘ആക്ടീവ് സ്ക്രാംബിൾ’ കാരണം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് മിനിറ്റുകൾക്കു ശേഷം തടഞ്ഞുവച്ച തീരുമാനം പിൻവലിക്കുകയും വിമാനങ്ങൾക്ക് വീണ്ടും പറക്കാൻ അനുമതി ലഭിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ പുറത്ത് വരുന്നത് യുഎസ്–വെനസ്വേല സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ്. കുറച്ച് ദിവസങ്ങൾ മുമ്പ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയിലെ എയർസ്പേസ് ‘അടച്ചതായി’ കരുതണമെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെ ഏതെങ്കിലും ആക്രമണത്തിനുള്ള സാധ്യതയുണ്ടോ എന്ന ആശങ്ക ഉയർന്നിരുന്നു.
ട്രംപ് തന്റെ ആഹ്വാനം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് അല്ല, എയർലൈൻസുകൾക്ക്, പൈലറ്റുകൾക്ക്, മയക്കുമരുന്ന് ഇടപാടുകാർക്ക്, മനുഷ്യക്കടത്തുകാർക്ക് എന്നിങ്ങനെയെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതിനെ കുറിച്ച് കൂടുതലായി അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മഡൂറോ സർക്കാർ ഈ ഉത്തരവിനെ ശക്തമായി തള്ളി. ട്രംപിൻ്റെ നടപടി ‘കോളനിയൽ ഭീഷണി’ ആണെന്ന് വെനസ്വേല പ്രതികരിച്ചിരുന്നു.
അതേസമയം, യു.എസ് വെനസ്വേലയ്‌ക്കെതിരെ പുതിയ നടപടികൾക്കൊരുങ്ങുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലുകളിൽ ‘നാർക്കോ- തീവ്രവാദികൾ’ ഉണ്ടെന്നാരോപിച്ച് അമേരിക്ക ഇതിനകം ആക്രമണങ്ങൾ നടത്തിവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട്. മഡൂറോ മയക്കുമരുന്ന് കാർട്ടലുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. എന്നാൽ മഡൂറോ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
F-16 jets being scrambled from Andrews Air Force base? New claims amid US-Venezuela tensions














