
ടെക്‌സസ്: സമ്മാനമെന്ന് പറഞ്ഞാല്‍, വെറും സമ്മാനമല്ല. 42 ലക്ഷം ഇന്ത്യന്‍ രൂപ. അത് നേടാനായി ഒരു വാക്ക് അക്ഷരത്തെറ്റില്ലാതെ എഴുതിക്കാണിച്ച മിടുക്കനാണ് 13കാരനായ ഫൈസാന്‍ സാക്കി. 2025ലെ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീയുടെ ചാമ്പ്യനായി മാറിയിരിക്കുകയാണ് ടെക്‌സസ് സ്വദേശിയും ഇന്ത്യന്‍ വംശജനുമായ കൊച്ചുമിടുക്കന്‍.
യുഎസിനു പുറമെ, ബഹാമാസ്, ജര്‍മ്മനി, നൈജീരിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള 243 മികച്ച സ്‌പെല്ലര്‍മാരുമായി ഒരു ആഴ്ചത്തെ തീവ്രമായ മത്സരത്തിന് ശേഷമാണ് ഫൈസാന്‍ സ്വപ്ന വിജയം നേടിയത്. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ നിന്നുള്ള ഫൈനലിസ്റ്റുകളെയാണ് ഫൈസാന്‍ തോല്‍പ്പിച്ചത്.
‘Éclaircissement’ (ക്ലെയര്‍സിസ്‌മെന്റ്) എന്ന വാക്ക് ശരിയായി അക്ഷരത്തെറ്റില്ലാത്ത എഴുതിയതോടെയാണ് കുട്ടി ചരിത്രത്തില്‍ ഇടം പിടിച്ചത്. ഇതുവരെ അവ്യക്തമായതോ വിശദീകരണം നല്‍കാത്തതോ ആയ ഒരു കാര്യത്തിന്റെ പ്രബുദ്ധമായ വിശദീകരണം എന്ന് അര്‍ഥം വരുന്ന വാക്കാണിത്. ടൈറ്റിലിനും ഐക്കണിക് സ്‌ക്രിപ്സ് കപ്പിനും ഒപ്പം, ഫൈസാന്‍ 50,000 ഡോളര്‍ ക്യാഷ് പ്രൈസും സ്വന്തമാക്കി. ഇത് ഏകദേശം 42 ലക്ഷം ഇന്ത്യന്‍ രൂപ വരും. ക്യാഷ് പ്രൈസിന് പുറമേ അദ്ദേഹത്തിന് മെഡലും ലഭിക്കും.
സാക്കിയുടെ മാതാപിതാക്കളായ സാക്കി അന്‍വറും അര്‍ഷിയ ക്വാഡ്രിയും നല്‍കുന്ന മികച്ച പ്രോത്സാഹനമാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്. കുട്ടിക്കാലം മുതലേ അക്ഷര വിന്യാസത്തിലുള്ള കുട്ടിയുടെ താല്‍പ്പര്യം ഇരുവരും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുരയും ചെയ്തു. ഡാളസിലെ സിഎം. റൈസ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഫൈസാന്‍ നാലാം തവണയാണ് ദേശീയ ബീയില്‍ മത്സരിക്കുന്നത്.
2019ല്‍ ഏഴ് വയസ്സുള്ളപ്പോഴാണ് ഫൈസാന്റെ സ്‌പെല്ലിംഗ് ആദ്യമായി ഈ മത്സരത്തില്‍ പങ്കെടുത്തത്. അന്ന് 370-ാം സ്ഥാനം നേടിയിരുന്നു. ശേഷം 2023ല്‍ 21-ാം സ്ഥാനത്തേക്കും കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തേക്കും ഫൈസാന്‍ എത്തിയിരുന്നു.
വീഡിയോ ഗെയിമുകളും, റൂബിക്‌സ് ക്യൂബുകള്‍ മിന്നല്‍ വേഗത്തില്‍ പരിഹരിക്കുന്നതും ഫൈസാന്റെ ഇഷ്ട വിനോദമാണ്.