വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നിര്‍ണായക തെളിവുകളുമായി ക്രൈംബ്രാഞ്ച്

പത്തനംതിട്ട: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോൺഗ്രസിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അടൂര്‍ കേന്ദ്രീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ യഥാര്‍ത്ഥ കാര്‍ഡുകള്‍ ശേഖരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. രണ്ടാം പ്രതി ബിനില്‍ ബിനുവാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പ്രതിപ്പട്ടികയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ സഹായിച്ച നാല് പേരെയും ഉള്‍പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അശ്വന്ത് എസ് കുമാര്‍, ജിഷ്ണു ജെ നായര്‍, നൂബിന്‍ ബിനു, ചാര്‍ളി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ജില്ലാ ഉപാധ്യക്ഷന്മാരുമടക്കം ഏഴുപേര്‍ കേസിലെ പ്രതികളാണ്. ഏഴ് പ്രതികളുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ ഫോണുകളില്‍ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിച്ചതായി കണ്ടെത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

More Stories from this section

family-dental
witywide