
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിജയകരമായതിനെത്തുടര്‍ന്ന് ചില വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പേരിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം എക്‌സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ഔദ്യോഗിക ഏജന്‍സിയും ഇത്തരത്തിലൊരു മുന്നറിയിപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തത വരുത്തി.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സാഹചര്യം വഷളാകുന്നുവെന്നും സംയമനം പാലിക്കണമെന്നും കേടാകാത്ത ഭക്ഷണം, മരുന്നുകള്‍ എന്നിയുള്‍പ്പെടെ അവശ്യസാധനങ്ങള്‍ കരുതിവയ്ക്കാനുമാണ് സന്ദേശമുള്ളത്. മാത്രമല്ല, അടിയന്തരമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ കൈവശം വയ്ക്കാനും പൗരന്മാരോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യാജ മുന്നറിയിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോാട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും അവശ്യവസ്തുക്കള്‍ വീട്ടില്‍ തയ്യാറാക്കി സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഉപദേശത്തിന്റെ ചിത്രം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിശ്വസനീയമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സര്‍ക്കാര്‍ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പങ്കുവയ്ക്കാതിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












