
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് (52) അന്തരിച്ചു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയും തുടർന്ന് കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു. സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്.
ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനം സുബിൻ ആലപിച്ച ഏറെ ശ്രദ്ധേയമായ ഒരു ഗാനമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദില്‍ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചന്‍ജുംഗ, മിഷന്‍ ചൈന, ദിനബന്ധു, മോന്‍ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അസം സ്വദേശിയായ സുബിൻ ഗാർഗ് ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളിൽ എല്ലാം പാടിയിട്ടുണ്ട്.