
താരജാഡകളില്ലാതെ ലാളിത്യത്തിൽ വേരൂന്നിയ സൂപ്പർസ്റ്റാർ പദവിയുള്ള തമിഴകത്തിൻ്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനീകാന്തിന് ഇന്ന് 75ാം ജന്മദിനം. കർണാടകയിലാണ് ജനനമെങ്കിലും തമിഴകത്തിൽ മായ്ക്കപ്പെടാനാവാത്ത നിറസാന്നിധ്യമാണ് രജനീകാന്ത് എന്നറിയപ്പെടുന്ന ശിവാജി റാവു ഗെയ്ക്‌വാദിൻ്റേത്. ആരാധകർ ഇന്നലെത്തന്നെ പ്രിയതാരത്തിൻ്റെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. മധുരയിലെ തിരുമംഗലത്ത് രജനീകാന്തിനായി ക്ഷേത്രം നിർമിച്ചിട്ടുള്ള കാർത്തിക്, താരത്തിന്റെ രൂപമാതൃകയിലുള്ള ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്കാണ് ഇന്നലെ മുറിച്ചത്.

ആശംസയുമായി മോദി
ആരാധകരുടേയും മറ്റ് സൂപ്പർതാരങ്ങളുടേയും രാഷ്ട്രീയ- സാമൂഹിക പ്രമുഖരുടേയും ആശംസകളാണ് സോഷ്യൽ മീഡിയ നിറയുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും താരത്തിന് ആശംസകളുമായി എത്തി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തലമുറകളെ ആകർഷിച്ചുവെന്നും വ്യാപകമായ പ്രശംസ നേടിയിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.
“തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തലമുറകളെ ആകർഷിച്ചു, വിപുലമായ പ്രശംസ നേടിയിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ സ്ഥിരമായി മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. സിനിമാ ലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു,”- മോദി ആശംസിച്ചു.

രജനീകാന്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ട്രേഡ്‌മാർക്കായി ചില പെരുമാറ്റരീതികളും, സ്‌ക്രീൻ സാന്നിധ്യവും, അതുല്യമായ സംഭാഷണ ശൈലിയുമൊക്കെ മാറിയിട്ടുണ്ട്. അഭിനയത്തിനപ്പുറം, രജനീകാന്ത് ഒരു തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
കർണാടകയിൽ നിന്നുള്ള രജനീകാന്ത് സിനിമാ വ്യവസായത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നുവെന്നത് പിൽക്കാലത്ത് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജോലിക്കിടയിലും അഭിനയമോഹം വളർത്തുകയും അതിനായി നാടകങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

പൊലീസ് കോൺസ്റ്റബിളായ റാമോജി റാവു ഗെയ്ക്‌വാദിന്റെയും വീട്ടമ്മയായ രമാബായിയുടെയും മകനായി 1950 ഡിസംബർ 12 നാണ് അദ്ദേഹത്തിൻ്റെ ജനനം. 1981 ഫെബ്രുവരി 26 ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ലത രംഗചാരിയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഐശ്വര്യ രജനീകാന്ത്, സൗന്ദര്യ രജനീകാന്ത് എന്നീ രണ്ട് പെൺമക്കളുണ്ട്. ഇരുവരും ചലച്ചിത്ര മേഖലയിലെ പ്രശസ്തരാണ്.

‘അപൂർവ്വ രാഗങ്ങൾ’ നൽകിയത് നല്ല തുടക്കം
1975 ൽ പുറത്തിറങ്ങിയ ‘അപൂർവ്വ രാഗങ്ങൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനീകാന്ത് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, മികച്ച തമിഴ് ഫീച്ചർ ഫിലിം ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടിയതോടെ രജനീകാന്തും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘കഥാ സംഗമ’ (1976)ത്തിന് പിന്നാലെ പ്രശസ്തിയുടെ പടവുകൾ രജനീകാന്ത് കയറിത്തുടങ്ങി, നവതരംഗ ശൈലിയിൽ നിർമ്മിച്ച ഒരു പരീക്ഷണാത്മക പദ്ധതിയായിരുന്നു. ‘മൂണ്ട്രു മുടിച്ചു’, ‘ബാലു ജേനു’, ‘മുള്ളും മലരും’, ‘ചിലകമ്മ ചെപ്പിണ്ടി’, ‘ഗർജനൈ’, ‘ഭുവന ഒരു കേൾവിക്കുറി’ ഇങ്ങനെയുള്ള അദ്ദേഹത്തിൻ്റെ ആദ്യകാല സിനിമകൾ അദ്ദേഹത്തിൻ്റെ ശക്തമായ പ്രകടനങ്ങളാൽ ആകർഷിക്കപ്പെട്ടു. പമ്മൻ എഴുതി ഏറങ്കി ശർമ്മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ചിലകമ്മ ചെപ്പിണ്ടി 1969-ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ അടിമകളുടെ റീമേക്കായിരുന്നു.

1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും രജനികാന്തിൻ്റെ സിഗരറ്റ് ഫ്‌ളിപ്പുകളും പഞ്ച് ഡയലോഗുകളും അദ്ദേഹത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുകയും ഒരു സാംസ്‌കാരിക ഐക്കണാക്കി മാറ്റുകയും ചെയ്തു. ‘ബില്ല’ (1980), ‘മൂണ്ട്രു മുഖം’ (1982), ‘പടിക്കടവൻ’ (1985) തുടങ്ങിയ സിനിമകൾ രജനീകാന്തിൻ്റെ താരമൂല്യം ഉയർത്തി. ലളിതമായ രംഗങ്ങൾ പോലും അവിസ്മരണീയമായ നിമിഷങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിൻ്റെ കഴിവാണ് “സൂപ്പർസ്റ്റാർ” എന്ന പദവി നേടിക്കൊടുത്തത്. അഭിനയരംഗത്ത് അഞ്ച് പതിറ്റാണ്ടുകൾക്ക് പിന്നിടുമ്പോഴും അദ്ദേഹത്തിൻ്റെ പര്യായമായി ഈ പദവിയും തുടരുന്നു.

തൊണ്ണൂറുകളിൽ രജനി ചെയ്ത ചില ചിത്രങ്ങൾ നിരവധി പാശ്ചാത്യ താരങ്ങളുടെ ജനപ്രീതിയെ മറികടന്നുവെന്നതും ചരിത്രം. രജനീകാന്തിന്റെ അന്താരാഷ്ട്ര ആരാധകവൃന്ദം വർദ്ധിച്ച കാലഘട്ടം കൂടിയായിരുന്നു അത്. 1990-കളിൽ ‘അണ്ണാമലൈ’ (1992), ‘ബാഷ’ (1995), ‘മുത്തു’ (1995), ‘പടയപ്പ’ (1999) തുടങ്ങിയ ചിത്രങ്ങളിലൂടെ രജനീകാന്തിന്റെ സിനിമാ സ്വാധീനത്തിന്റെ കൊടുമുടിയിലെത്തി. ‘ബാഷ’യിലെ മാണിക്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ത്യൻ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറി. ‘മുത്തു’ ജപ്പാനിൽ അഭൂതപൂർവമായ വിജയം നേടിയ ചിത്രമായിരുന്നു.

രണ്ടായിരത്തിൻ്റെ തുടക്കത്തിൽ ‘ബാബ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം വലിയൊരു തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു 2005 ൽ ഇറങ്ങിയ ‘ചന്ദ്രമുഖി’. ഈ ചിത്രത്തിലൂടെ അദ്ദേഹം ശക്തമായി തിരിച്ചുവന്നു, അത് റെക്കോർഡ് ഭേദിച്ച ബ്ലോക്ക്ബസ്റ്ററായി മാറി. തുടർന്ന് ‘ശിവാജി’ (2007), സയൻസ് ഫിക്ഷൻ ഇതിഹാസമായ ‘എന്തിരൻ’ (2010), അതിന്റെ തുടർച്ചയായ ‘2.0’ (2018) എന്നിവയും രജനിയുടെ കയ്യിലും ബോക്സ് ഓഫീസിലും ഹിറ്റുകളായിരുന്നു. മാത്രമല്ല, ഇവയെല്ലാം ഇന്ത്യൻ സിനിമയിലെ സാങ്കേതിക മികവിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. ഓരോ ചിത്രത്തിലൂടെയും, തന്റെ താരശക്തിക്ക് ഏതൊരു റിലീസിനെയും ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുന്ന ഒരു സിനിമാറ്റിക് ഇവന്റാക്കി മാറ്റാൻ കഴിയുമെന്ന് രജനീകാന്ത് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.

നിരവധി ബഹുമതികൾ വാരിക്കൂട്ടുമ്പോഴും കൂടുതൽ വിനയാന്വിതനായി മാറിക്കൊണ്ടിരുന്ന താരമായിരുന്നു തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ. പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് മുതൽ നിരവധി സംസ്ഥാന, ദേശീയ ബഹുമതികൾ വരെ, രജനീകാന്തിന്റെ സംഭാവനകൾ അദ്ദേഹത്തിന് സമാനതകളില്ലാത്ത അംഗീകാരം നേടിക്കൊടുത്തു. എന്നാൽ അപ്പോഴൊന്നും ആരാധകരെ കൈവിടുകയോ നിരാശപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അദ്ദേഹം ആരാധകരോട് അഭേദ്യമായ ബന്ധം പങ്കിടുന്ന അപൂർവ്വം താരങ്ങളിലൊരാൾകൂടിയാണ്.
Fans Celebrating Rajinikanth’s 75th birthday.















