ജെഡി വാന്‍സിന്റെ സ്റ്റൈലിനെ പരിഹസിച്ച ഫാഷന്‍ നിരൂപകന്‍ യുഎസില്‍ നാടുകടത്തല്‍ ഭീഷണിയില്‍, കുരുക്കിയത് ആ കഥ

വാഷിംഗ്ടണ്‍ : യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ ഉള്‍പ്പെടെ സ്റ്റൈലിനെ പരിഹസിച്ച ഫാഷന്‍ നിരൂപകന്‍ യുഎസില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്.

ഫാഷന്‍ കാര്യങ്ങളില്‍ ഉപദേശം നല്‍കുകയും സമ്പന്നരുടെയും പ്രശസ്തരുടെയും വസ്ത്ര ശൈലിയെക്കുറിച്ച് വിമര്‍ശനം നടത്തുകയും ചെയ്യുന്ന, എക്സില്‍ മെന്‍സ്വെയര്‍ ഗൈ എന്ന പേരില്‍ പ്രശസ്തനായ ഫാഷന്‍ നിരൂപകനും എഴുത്തുകാരനുമായ ഡെറക് ഗൈ ആണ് നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്നത്.

വിയറ്റ്‌നാമില്‍ നിന്ന് പലായനം ചെയ്ത തന്റെ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് നിയമവിരുദ്ധമായി യുഎസില്‍ എത്തിയതായുള്ള വെളിപ്പെടുത്തലാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്.

കുടിയേറ്റ വിരുദ്ധ പരിശോധനകള്‍ക്കും അറസ്റ്റുകള്‍ക്കുമെതിരെ ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഡെറക് നിയമവിരുദ്ധമായി യുഎസിലേക്ക് വരുന്നവരെല്ലാം കുറ്റവാളികളോ ഗുണ്ടാസംഘാംഗങ്ങളോ അല്ലെന്ന് കാണിച്ച് തന്റെ കഥ പറഞ്ഞത്.

‘നിയമപരമായ രേഖകളില്ലാതെയാണ് ഞാന്‍ ഇവിടെ വന്നത്, ഒടുവില്‍ ഒരു രേഖകളില്ലാത്ത കുടിയേറ്റക്കാരന്‍ എന്ന വിഭാഗത്തില്‍ ഞാന്‍ പെട്ടു. എന്നിരുന്നാലും, ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അമേരിക്കയിലാണ്. എന്റെ വ്യക്തിത്വവും വേരുകളും ഈ രാജ്യത്താണ്, മറ്റാരില്‍ നിന്നും വ്യത്യസ്തമല്ല. ആത്യന്തികമായി, എല്ലാ രേഖകളില്ലാത്ത കുടിയേറ്റക്കാരും MS-13 അംഗങ്ങളാണെന്ന ആശയത്തിനെതിരെ ഈ കഥ പങ്കിടുന്നത് സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ – വൈറലായ ഒരു പോസ്റ്റില്‍ ഡെറക് കുറിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഡെറക്കിന്റെ ഈ വെളിപ്പെടുത്തല്‍ വലിയ വിവാദമാകുകയും ചെയ്തു.

വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖകരുടെ ഫാഷന്‍ രീതികളെ ഡെറക് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പ് ട്രംപിനെ വിമര്‍ശിച്ചിട്ടും വാന്‍സ് അദ്ദേഹത്തിന്റെ ഫാഷന്‍ സെന്‍സിനെ അനുകരിക്കുന്നുവെന്ന് ഡെറക് ഒരിക്കല്‍ ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide