
ഡൽഹി: തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ ഫാസ്ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം നടപ്പാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഈ സംവിധാനത്തിലൂടെ ഇമിഗ്രേഷൻ നടപടികൾ വെറും 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഷാ വ്യക്തമാക്കി. ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും വേഗതയേറിയതുമായ ഈ സേവനം ഉറപ്പാക്കുന്ന പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു.
തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്സർ എന്നിവിടങ്ങളിലും ഇന്ന് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് കേന്ദ്ര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. ഇ-ഗേറ്റ്‌സ് സൗകര്യം കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്.
30 സെക്കൻഡിൽ എമിഗ്രേഷൻ ക്ലിയറൻസ് എങ്ങനെ?
https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ യാത്ര ചെയ്യാനെത്തുമ്പോൾ എയർലൈൻ നൽകുന്ന ബോർഡിങ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യണം. പാസ്‌പോർട്ടും ഇതോടൊപ്പം സ്കാൻ ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്‍റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്‍റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകുകയും ചെയ്യുന്നു.