
കാല്‍ഗറി : കാല്‍ഗറിയില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ അച്ഛനും മകളും മരിച്ചു. 50 വയസ്സുള്ള സണ്ണി ഗില്ലും ഒമ്പത് വയസ്സുള്ള മകള്‍ ഹാര്‍ഗുണ്‍ ഗില്ലുമാണ് മരിച്ചത്. തീപിടിത്തത്തില്‍ സണ്ണി ഗില്ലിന്റെ ഭാര്യ സുകി ഗില്ലിനും മകന്‍ രോഹന്‍പ്രീത് ഗില്ലി(17)നും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വടക്കന്‍ കാല്‍ഗറിയിലായിരുന്നു സംഭവം. രണ്ടുനില വീടിനാണ് തീപിടിച്ചതെന്ന് കാല്‍ഗറി പൊലീസ് അറിയിച്ചു. തീപിടുത്ത സമയത്ത് ആറ് പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു.
തീ അയല്‍പക്ക വീടുകള്‍ക്കും ഭീഷണി ഉയര്‍ത്തിയതായി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. രണ്ടാം നിലയിലായിരുന്ന സുകിയും റോഹന്‍പ്രീതും വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്ത് മേല്‍ക്കൂരയിലേക്ക് കയറുകയായിരുന്നു. ഇരുവരെയും അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. വീടിന്റെ ബേസ്‌മെന്റിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് തീപിടിത്തം ആരംഭിച്ച ഉടന്‍ രക്ഷപ്പെടാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.