അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മകൾ മരിച്ചതിൽ പ്രകോപിതനായി പിതാവ്, താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ തലയ്ക്ക് വെട്ടി; ഗുരുതര പരിക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിന് വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ നീതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സനൂപ് ആശുപത്രിയിലെത്തിയത് തന്റെ രണ്ട് മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തി, ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലേക്ക് പോയെങ്കിലും സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ഡോക്ടർ വിപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ അനയയുടെ അവസ്ഥ വഷളാവുകയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, മെഡിക്കൽ കോളേജിലെത്തും മുമ്പ് കുട്ടി മരിച്ചു.

ആശുപത്രി അധികൃതർ മരണകാരണം വ്യക്തമാക്കിയില്ലെന്നും മരണ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും സനൂപും കുടുംബവും ആരോപിക്കുന്നു. ആക്രമണം വളരെ പെട്ടെന്നായിരുന്നുവെന്നും, “എന്റെ മകളെ കൊന്നവനല്ലേ” എന്ന് ആക്രോശിച്ചാണ് സനൂപ് ഡോക്ടറെ വെട്ടിയതെന്നും ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തി. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. അതേസമയം ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന പരക്കെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide