
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാഗര്‍പൂർ ഏരിയയിൽ പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു. മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ച മകനെ നാല്‍പ്പതുകാരനായ പിതാവാണ് കുത്തിക്കൊന്നത്. സംഭവത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദാദാ ദേവ് ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെയാണ് കുത്തേറ്റ നിലയില്‍ ഒരു കുട്ടിയെ കൊണ്ടുവന്നിട്ടുളളതായി പൊലീസിന് അറിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
കുട്ടി നിരന്തരം മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ചതോടെ ദേഷ്യം വന്ന അച്ഛൻ അടുക്കളയില്‍ പോയി കത്തിയെടുത്ത് വന്ന് പത്തുവയസുകാരന്റെ ഇടത് വാരിയെല്ലിന്റെ ഭാഗത്ത് കുത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ഇയാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് മക്കളോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇയാളുടെ ഭാര്യ മരിച്ച ഇയാളുടെ നാല് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു മരിച്ച കുട്ടി. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.