
വിവാഹവേദികൾ പലപ്പോഴും സമൂഹമാധ്യമങ്ങൾക്ക് കണ്ടുരസിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കാറുണ്ട്. വധുവിൻ്റെ നൃത്തം, വരൻ്റെ പ്രസംഗം, മാതാപിതാക്കളുടെ കണ്ണീരൊഴുക്കിയുള്ള വികാരനിർഭര നിമിഷങ്ങൾ…അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഈയടുത്ത് ഇത്തരത്തിൽ വിവാഹ വേദിയിൽ നിന്നുള്ള ഒരു രംഗം ശ്രദ്ധനേടിയിട്ടുണ്ട്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട സംഗീത് എന്ന ചടങ്ങിൽ സ്ലോ മോഷൻ നൃത്തച്ചുവടുവെച്ച പിതാവ് സോഷ്യൽ മീഡിയയിൽ സന്തോഷം നിറയ്ക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വൈറൽ ക്ലിപ്പിൽ, എബിസിഡി 2 ലെ ‘ബെസുബാൻ ഫിർ സേ’ എന്ന ഹിന്ദി ഗാനത്തിലെ ഐക്കണിക് സ്ലോ-മോഷൻ നൃത്തം പിതാവ് മനോഹരമായി പുനർനിർമ്മിക്കുന്നതായി കാണാം. പ്രകടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആവേശം, ചുവടുകളുടെ കൃത്യത, മുഖത്ത് വിരിയുന്ന ചിരി എന്നിവ നിരവധി ഹൃയങ്ങളെ സ്പർശിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, അഭിപ്രായങ്ങൾ ഒഴുകിയെത്തി. വിസ്മയം, സ്നേഹം, ആരാധന എന്നിവയുടെ മിശ്രിതമായിരുന്നു കമൻ്റുകളിൽ. പിതാവിന്റെ പരിശ്രമത്തെ കുറിച്ച് സംസാരിക്കാതിരിക്കാൻ ആളുകൾക്ക് കഴിഞ്ഞില്ലെന്നുസാരം.
എന്തിനേറെ, പ്രശസ്ത നൃത്തസംവിധായകൻ മെൽവിൻ ലൂയിസ് വരെ അഭിപ്രായം കുറിച്ചു. “നിങ്ങൾ വളരെ നന്നായി നൃത്തം ചെയ്തു സർ! സ്ലൈഡ് ഗ്ലാസ് നീക്കം ഗംഭീരം, ആരും അതിൽ 360 ഡിഗ്രി കറങ്ങിയുള്ള നീക്കങ്ങൾ നടത്തുന്നത് ഞാൻ കണ്ടിട്ടില്ല !! അതിശയകരമായി ചെയ്തു.”- മെൽവിൻ കുറിച്ചു.
“ഒരു അച്ഛന് മകൾക്കായി എന്തും ചെയ്യാൻ കഴിയും…, “നമ്മുടെ രാജ്യത്ത് കുടുംബത്തിനായി സ്വപ്നങ്ങൾ ത്യജിച്ച നിരവധി ആളുകളുണ്ടെന്ന് ഇത് എന്നെ ഓർമ്മിപ്പിക്കുന്നു…”, എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.
Father’s slow motion dance at his daughter’s Sangeet went viral.










