വാഷിങ്ടൺ ഡി.സി: ഇന്ത്യൻ വംശജനായ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ ഔദ്യോഗിക സർക്കാർ ജെറ്റ് വിമാനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനെ തുടർന്ന് വിവാദത്തിൽ. കാമുകിയായ ഗായിക അലക്സിസ് വിൽക്കിൻസ് അവതരിപ്പിച്ച സംഗീത പരിപാടി കാണാനായിരുന്നു പട്ടേൽ ഈ യാത്ര ചെയ്തത്.
റിപ്പോർട്ടുകൾ പ്രകാരം, 60 മില്യൺ ഡോളർ (ഏകദേശം ₹532 കോടി) വിലയുള്ള നീതിന്യായ വകുപ്പിന്റെ ജെറ്റ് വിമാനമാണ് അദ്ദേഹം ഉപയോഗിച്ചത്. വിമാനം വിർജീനിയയിലെ മനാസാസ് എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളേജിൽ ഇറങ്ങി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം അതേ വിമാനം നാഷ്വില്ലിലേക്ക്, വിൽക്കിൻസ് താമസിക്കുന്ന സ്ഥലത്തേക്ക്, പറന്നതായും രേഖകളിൽ പറയുന്നു.
ഈ വിവരങ്ങൾ മുൻ എഫ്.ബി.ഐ ഏജന്റും പോഡ്കാസ്റ്റ് അവതാരകനുമായ കൈൽ സെറാഫിൻ ആണ് പുറത്ത് വിട്ടത്. അദ്ദേഹം പറഞ്ഞതനുസരിച്ച്, പട്ടേൽ തന്റെ കാമുകിയുടെ പ്രകടനം കാണാനാണ് ഈ ഔദ്യോഗിക ജെറ്റ് ഉപയോഗിച്ചത്.എന്നാൽ, എഫ്.ബി.ഐ നിയമം പ്രകാരം ഡയറക്ടർ സുരക്ഷാ ആവശ്യങ്ങൾക്ക് സർക്കാർ വിമാനങ്ങൾ ഉപയോഗിക്കാമെങ്കിലും സ്വകാര്യ യാത്രകൾക്കായി ചെലവ് സ്വന്തമായി അടയ്‌ക്കണം.
അന്നേ ദിവസം അലക്സിസ് വിൽക്കിൻസിനൊപ്പമുള്ള ചിത്രങ്ങൾ പട്ടേൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു.ഇതാദ്യമായല്ല പട്ടേലിനെതിരെ ഇത്തരത്തിലുള്ള ആരോപണം ഉയരുന്നത്. നേരത്തെയും അദ്ദേഹം സർക്കാർ വിമാനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാരോപിച്ച് നിയമനിർമ്മാതാക്കൾ വിമർശിച്ചിരുന്നു.
FBI Director Kash Patel, of Indian origin, flies to girlfriend’s concert on FBI jet; Controversy over Indian-origin FBI Director Kash Patel











