
കൗമാരക്കാരെ വേട്ടയാടുന്ന അക്രമാസക്തമായ ഓൺലൈൻ നെറ്റ്‌വർക്ക് ‘764’-നെ കുറിച്ച് അമേരിക്കൻ നീതിന്യായ വകുപ്പിലെ (Department of Justice – DOJ) ഉദ്യോഗസ്ഥർ ഗൗരവകരമായ മുന്നറിയിപ്പുകൾ നൽകി. അടുത്തിടെ നടന്ന ഒരു പാനൽ ചർച്ചയിൽ, ഈ നെറ്റ്‌വർക്ക് കൗമാരക്കാരെ ലക്ഷ്യമിടുന്നത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും ആരുമായാണ് ആശയവിനിമയം നടത്തുന്നത് എന്ന് നിരീക്ഷിക്കണമെന്നും, അസാധാരണമായ സ്വഭാവമാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും എഫ്ബിഐ നിർദ്ദേശിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെയും കൗമാരക്കാരെയും (പ്രത്യേകിച്ച് 10 മുതൽ 17 വയസ്സ് വരെയുള്ളവർ) സൗഹൃദത്തിലാക്കിയ ശേഷം അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും സ്വയം ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു തീവ്രവാദ സ്വഭാവമുള്ള ശൃംഖലയാണിത്. ഗവൺമെന്റുകളെ അട്ടിമറിക്കുക, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന “നിഹിലിസ്റ്റിക് വയലന്റ് എക്‌സ്ട്രീമിസ്റ്റ്” (Nihilistic Violent Extremist) ഗ്രൂപ്പായാണ് ഇതിനെ കണക്കാക്കുന്നത്.
നിലവിൽ 764 നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് മുന്നൂറിലധികം അന്വേഷണങ്ങൾ എഫ്ബിഐ (FBI) നടത്തിവരുന്നുണ്ട്. “സ്റ്റീഫൻ കിംഗിന്റെ നോവലുകളേക്കാൾ ഭീകരമായ കാര്യങ്ങളാണ് ഈ കുട്ടികൾ ചെയ്യുന്നത്” എന്നാണ് നീതിന്യായ വകുപ്പിലെ ട്രയൽ അറ്റോർണി ജസ്റ്റിൻ ഷെർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്. മാത്രമല്ല, ആത്മഹത്യ, സ്കൂൾ വെടിവയ്പ്പ്, മറ്റ് കൂട്ടക്കൊലകൾ എന്നിവയുൾപ്പെടെ മാരകമായ നടപടികളിലേക്ക് ഇരകളെ പ്രേരിപ്പിക്കാൻ 764 അംഗങ്ങൾ കൂടുതലായി ശ്രമിക്കുന്നുണ്ടെന്ന് ഷെർ ചൂണ്ടിക്കാട്ടി.
764 അംഗങ്ങൾ ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ദുർബലരായ ഇരകളെ കണ്ടെത്തുകയും, അവരിൽ നിന്ന് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുകയും, തുടർന്ന് ആ സെൻസിറ്റീവ് മെറ്റീരിയൽ ഉപയോഗിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. സ്വയം ഉപദ്രവിക്കാനും, മറ്റുള്ളവരെ ഉപദ്രവിക്കാനും, അല്ലെങ്കിൽ മറ്റ് അക്രമാസക്തമായ കാര്യങ്ങൾ സ്വീകരിക്കാനും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം മറ്റുള്ളവർക്ക് അതിന്റെ റെക്കോർഡിംഗുകൾ കാണാനും പ്രചരിപ്പിക്കാനും കഴിയുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ സ്ട്രീം ചെയ്യുന്നു- ഇതാണ് 764 അംഗങ്ങളുടെ രീതി.
FBI issues serious warning about online network ‘764















