അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) വാഷിംഗ്ടണിലെ ചരിത്രപ്രാധാന്യമുള്ളതും പഴക്കമേറിയതുമായ ആസ്ഥാനത്തുനിന്ന് മാറുന്നു. പെൻസിൽവാനിയ അവന്യുവിലെ ജെ. എഡ്ഗർ ഹൂവർ ബിൽഡിംഗ് സ്ഥിരമായി അടയ്ക്കുമെന്നും ഏജൻസിയുടെ ജീവനക്കാരെ ഇപ്പോൾ പ്രവർത്തനരഹിതമായ യു.എസ്. എജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ (USAID) മുൻ കെട്ടിടത്തിലേക്ക് മാറ്റുമെന്നും എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
20 വർഷത്തിലധികമായി നീണ്ടുനിന്ന പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ, എഫ്‌ബിഐയുടെ ഹൂവർ ആസ്ഥാനം സ്ഥിരമായി അടച്ച് സുരക്ഷിതവും ആധുനികവുമായ സൗകര്യത്തിലേക്ക് ജീവനക്കാരെ മാറ്റാനുള്ള പദ്ധതി അവസാന ഘട്ടത്തിൽ എന്ന് പട്ടേൽ വെള്ളിയാഴ്ച X-ൽ പോസ്റ്റ് ചെയ്തു. ഇതിലൂടെ നികുതിദായകരുടെ പണം ലാഭിക്കാനും എഫ്‌ബിഐയുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രൂട്ടലിസ്റ്റ് ശൈലിയിലുള്ള ആർക്കിടെക്ചറിൽ നിർമ്മിച്ച ജെ. എഡ്ഗർ ഹൂവർ ബിൽഡിംഗ് 1975ലാണ് തുറന്നത്. എന്നാൽ കാലപ്പഴക്കവും പരിപാലനക്കുറവും കാരണം ഇത് എഫ്‌ബിഐക്ക് യോജിച്ചതല്ലെന്ന വിമർശനം വർഷങ്ങളായി ഉയർന്നിരുന്നു. എന്നിട്ടും ആസ്ഥാനം മാറ്റണോ, എവിടേക്ക് മാറ്റണമെന്നോ സംബന്ധിച്ച ചർച്ചകൾ ഏറെക്കാലമായി നീണ്ടു.
നാളുകളായി വാഗ്ദാനം ചെയ്തതുപോലെ റോണാൾഡ് റീഗൻ ബിൽഡിംഗ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് സെന്ററിലേക്കാണ് എഫ്‌ബിഐ മാറുന്നതെങ്കിൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, വൈറ്റ് ഹൗസ് , മറ്റു ഫെഡറൽ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയ്ക്ക് സമീപം തന്നെ പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ, 2023ൽ പുതിയ എഫ്‌ബിഐ ആസ്ഥാനം ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ച മേരിലാൻഡ് സംസ്ഥാനത്തിന് ഇത് തിരിച്ചടിയായി.
FBI moves from headquarters; The historic Hoover building will close permanently













