ന്യൂയോർക്ക്: പുതുവത്സര ദിനത്തിൽ അമേരിക്കയെ നടുക്കിയ ന്യൂ ഓർലിയാൻസിലെ ഭീകരാക്രമണം ആക്രമണത്തിൽ അന്വേഷണം നടത്തുന്ന എഫ്ബിഐയുടെ നിർണായക നിഗമനം പുറത്ത്. ന്യൂ ഓർലിയാൻസിലെ ഭീകരാക്രമണം നടത്തിയ ഷംസുദ്ദീന്‍ ജബാറിന് ‘പുറംലോക’വുമായി വലിയ ബന്ധമില്ല എന്നാണ് എഫ്ബിഐയുടെ നിഗമനം. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് ഇപ്പോൾ വിശ്വസിക്കുന്നതായാണ് എഫ് ബി ഐ വൃത്തങ്ങൾ പറയുന്നത്. പക്ഷെ ഇതൊരു ഭീകരാക്രമണം തന്നനെയാണെന്നാണ് എഫ് ബി ഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അക്രമി ഐസിസ് ആശയങ്ങളാൽ വളരെ ഏറെ പ്രചോദിതനായിരുന്നു. ഷംസുദ്ദീൻ മാത്രമല്ല, മറ്റ് ആളുകൾ ഇതിൽ പങ്കെടുത്തിരിക്കാമെന്നായിരുന്നു അപകടം നടന്ന ഉടൻ എഫ്ബിഐ നിലപാട്. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും ഈ നിമിഷം വരെ കിട്ടിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ സേനയുടെ തലവൻ ക്രിസ്റ്റഫർ റെയ്ന വ്യക്തമാക്കി
ആക്രമണം നടന്ന ഫ്രഞ്ച് ക്വാർട്ടറിലെ 2 ഐസ് കൂളറുകളിൽ രണ്ട് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) സ്ഥാപിച്ചിരുന്നതായും റിമോട്ട് ഡിറ്റണേറ്റർ അയാളുടെ വാഹനത്തിൽനിന്ന് ലഭിച്ചതായി എഫ്ബിഐ വ്യക്തമാക്കി.
അതേസമയം ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ സൈബർട്രക്ക് കാർ പൊട്ടിത്തെറിച്ച സംഭവവും തമ്മിൽ ബന്ധമുള്ളതായി ഇപ്പോൾ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നും എഫ്ബിഐ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തള്ളാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തുകയാണ്.
ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പ് നടത്തിയ ഷംസുദ്ദീന്‍ ജബാറും ഡോണള്‍ഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നിൽ ആക്രമണം നടത്തിയ മാത്യു ലിവല്‍സ്‌ബെര്‍ഗറും അമേരിക്കൻ സേനയിലെ സൈനികർ ആയിരുന്നു. ജബാർ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ മാത്യു ലിവല്‍സ്‌ബെര്‍ഗർ നിരവധി ബഹുമതികൾ നേടിയ മികച്ച സൈനിക ഉദ്യോഗസ്ഥനായി യുഎസ് സേനയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. നിരവധി രാജ്യങ്ങളിൽ ഇയാൾ സേനയുടെ ഭാഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ലാസ് വെഗാസിലെ സംഭവും ന്യൂ ഓർലിയാൻസിൽ ട്രക്ക് ആക്രമണവും തമ്മിൽ നിരവധി സമാനതകളുണ്ടെങ്കിലും കൃത്യമായ ബന്ധം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രതികൾ ഇരുവരും നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അവർ ഒരേ മിലിറ്ററി യൂണിറ്റിൽ സേവനമനുഷ്ഠിച്ചതായോ ഒരേ സമയം അവിടെ ഉണ്ടായിരുന്നതായോ രേഖകളില്ല. 2009-ൽ ഇരുവരും അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാൽ അവർ ഒരേ പ്രദേശത്തോ യൂണിറ്റിലോ ആയിരുന്നതിന് തെളിവില്ല.
സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങൾക്കായി ഇരുവരും വാടക കമ്പനിയായ ട്യൂറോയാണ് ഉപയോഗിച്ചത് എന്നത് യാദ്യശ്ചികമെന്നാണ് പൊലീസിൻ്റെ നിഗമനം.















