
വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി ലോകോത്തര വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങളും തേടുന്ന യുവ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനന്തമായ സാധ്യതകളുടെ നാടായിരുന്നു അമേരിക്ക. എന്നാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയതോടെ തുടങ്ങിയ പ്രശ്നങ്ങൾ യു എസിലെ ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിലും സങ്കീർണമാണ്. കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപിന്‍റെ നയവും ഭീഷണിയും കാരണം ചില്ലറ പ്രശ്നങ്ങളല്ല ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്നത്.
അമേരിക്കയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് ട്രംപ് ഭരണകൂടത്തിന്‍റെ കർശനമായ കുടിയേറ്റ നയം കാരണം ഇന്ത്യൻ വിദ്യാർഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കുന്നുവെന്നതാണ്. ട്രംപിന്‍റെ നാടുകടത്തൽ പ്രഖ്യാപനത്തിന് ശേഷം പാർട്ട് ടൈം ജോലി ഉപേക്ഷിക്കൽ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ പെരുകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ട് ടൈം ജോലി ചെയ്യുന്നിടങ്ങളിലെ പൊലീസിന്‍റെയും നിയമ നിർവ്വഹണ ഏജൻസികളുടെയും പരിശോധനകൾ വർധിച്ചത് ഇവരെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാണ്.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ പിന്നെ ദിവസങ്ങളോളം അതിന് പിന്നാലെ നടക്കേണ്ടി വരുന്ന സാഹചര്യവും പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജോലിസ്ഥലങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ഐ ഡികൾ കാണണമെന്ന് പറഞ്ഞ് തുടങ്ങുന്ന പരിശോധന വിവിധ ഘട്ടങ്ങളിലേക്ക് ഇപ്പോൾ നീളാറുണ്ട്. അധികാരികളുമായുള്ള ഏറ്റുമുട്ടൽ ഭയന്ന് വിദ്യാർഥികൾ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുന്നത് വളരെയധികം കൂടുതലായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ മാത്രം കാര്യമല്ല, അമേരിക്കയിലെ വിദേശ വിദ്യാർഥികളുടെയെല്ലാം കാര്യം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്.