ഒന്നിച്ചിരുത്തി സംസാരിപ്പിച്ച് ഫെഫ്കയുടെ ഇടപെടൽ! ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം

നടൻ ഉണ്ണി മുകുന്ദനും പി.ആർ. മാനേജറായിരുന്ന വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക. രണ്ട് പേരെയും ഒരുമിച്ചിരുത്തി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നടനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ ഇന്ന് ഫെഫ്ക ഭാരവാഹികൾക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു.

വിപിനെതിരെ സിനിമാ സംഘടനകളിൽ നിലവിൽ പരാതികൾ ഒന്നുമില്ലെന്ന് ഫെഫ്ക അറിയിച്ചു. ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും ഉണ്ണിക്കൃഷ്ണൻ നിലപാട് വ്യക്തമാക്കി.

വിപിൻ കുമാറിനെ താൻ മർദിച്ചെന്ന ആരോപണം ഉണ്ണി മുകുന്ദൻ പൂർണമായും തള്ളിയിരുന്നു. വ്യക്തിപരമായ വൈരാഗ്യത്തിൻ്റെ പേരിൽ കെട്ടിച്ചമച്ച കഥ മാത്രമാണിതെന്നും നടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വിപിനെ മർദിച്ചുവെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്നും ഉണ്ണി പറഞ്ഞു. വിഷയത്തിൽ മാധ്യമ ശ്രദ്ധ കിട്ടാനായി ടൊവിനോയുടെ പേര് വലിച്ചിഴച്ചതാണെന്നും ഒരാൾ പോലും വിഷയത്തിൻ്റെ രണ്ട് വശങ്ങളും പരിശോധിച്ചില്ലെന്നും നടൻ ആരോപിച്ചു.

ടൊവിനോ തോമസിൻ്റെ ‘നരിവേട്ട’ എന്ന ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് ഉണ്ണി മുകുന്ദൻ മർദിച്ചതെന്നായിരുന്നു വിപിൻ കുമാറിൻ്റെ പരാതി. അതേസമയം, ടൊവിനോയെ കുറിച്ച് താൻ അങ്ങനെയൊന്നും പറയില്ലെന്നും, തൻ്റെ നല്ല സുഹൃത്താണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

അതേസമയം, ഉണ്ണി മുകുന്ദൻ മർദിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് മാനേജർ വിപിൻ കുമാറിൻ്റെ പരാതി. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് നടനെതിരെ കേസെടുത്തത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് വിപിൻ്റെ മൊഴി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 115(2), 126(2), 296(b), 351(2), 324(4), 324(5) വകുപ്പുകൾ പ്രകാരമാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.

More Stories from this section

family-dental
witywide