
കൊച്ചി : പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അപമാനിച്ചുവെന്ന് കാട്ടി നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം, നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളില്‍ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്രാ പ്രതികരിച്ചു.















