വാഷിംങ്ടൺ: ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകൾ നറുക്കെടുത്തു. വാഷിങ്ടൺ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. 12 ഗ്രൂപ്പുകളിലായി (A-L) 42 ടീമുകളെ നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അർജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് ‘ജെ’യിലെ മറ്റംഗങ്ങൾ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളാണ്.
നിലവിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗൽ, നോർവേ എന്നീ ടീമുകളാണ് മറ്റംഗങ്ങൾ. ടീം ബ്രസീൽ ഗ്രൂപ്പ് ‘സി’യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ സിയിലെ മറ്റംഗങ്ങളാണ് മൊറോക്കോ, ഹൈതി, സ്കോട്ട്ലൻഡ് എന്നിവർ. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിൻ, യുറഗ്വായ് ടീമുകൾ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകൾ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
അതേസമയം, ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ലഭിച്ചു. സ്വർണ വർണത്തിലുള്ള ട്രോഫിയും മെഡലും ഇൻഫാന്റിനൊ ട്രംപിന് സമ്മാനിച്ചു. ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാന്റിനൊയാണ് പ്രഖ്യാപനം നടത്തിയത്. ലോക സമാധാനത്തിന് ട്രംപ് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ട്രംപിന് പുരസ്ക്കാരം നൽകുന്നതെന്ന് ഇൻഫാന്റിനൊ പറഞ്ഞു. ജീവിതത്തിലെ മഹത്തായ ബഹുമതികളിലൊന്നാണ് പുരസ്കാരമെന്ന് ട്രംപ് പറഞ്ഞു. ഇൻഫാന്റിനൊയുമായി അടുത്തസൗഹൃദമുള്ള ട്രംപിനായിരിക്കും പുരസ്കാരമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നോബേൽ സമാധാന പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് ഇൻഫാന്റിനൊ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അടുത്തവർഷം ജൂൺ 11 മുതൽ ജൂലായ് 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.. ലോകകപ്പിൽ 48 ടീമുകളാണ് മത്സരിക്കുന്നത്. 42 ടീമുകൾ യോഗ്യതനേടി. ബാക്കിയുള്ള ആറുടീമുകൾക്കായി പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പിൽ 32 ടീമുകളാണുണ്ടായിരുന്നത്.
യുഎസിൽ ന്യൂയോർക്ക്, ഡാലസ്, കൻസാസ് സിറ്റി, ഹൂസ്റ്റൺ, അറ്റ്ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെൽഫിയ, സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളിൽ ലോകകപ്പ് മത്സരം നടക്കും. കാനഡയിൽ രണ്ടും (വാൻകൂവർ, ടൊറന്റോ) മെക്സിക്കോയിൽ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
FIFA World Cup: Argentina in Group ‘J’ and Brazil in ‘C’, Trump wins FIFA’s first Peace Award













