തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി, ബിജെപി ചതിച്ചെന്നും ഒറ്റക്ക് മത്സരിക്കുമെന്നും ബിഡിജെഎസ്

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിഡിജെഎസ് തീരുമാനിച്ചു. തിങ്കളാഴ്ച 20 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ബിഡിജെഎസ് നേതൃത്വം അറിയിച്ചു. നേരത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ, പദ്മിനി തോമസ് അടക്കം പ്രമുഖരെ കളത്തിലിറക്കിയാണ് ബി ജെ പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

ശ്രീലേഖ ശാസ്തമംഗലത്താണ് മല്‍സരിക്കുക. മുൻ കായികതാരവും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായ പത്മിനി തോമസ് പാളയത്ത് മല്‍സരിക്കുമ്പോൾ വി വി രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. തിരുമലയിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എം ആർ ഗോപൻ എന്നിവരും സ്ഥാനാർത്ഥികളാണ്. പേരൂർക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും. 67 സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതിനിടെ പ്രമുഖരെ ഇറക്കി വിജയം ഉറപ്പാക്കാനുള്ള തന്ത്രമാണ് ബിജെപിയുടേത്. ഭരിക്കാൻ ഒരവസരം ചോദിക്കുകയാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിരഹിത അനന്തപുരി സൃഷ്ടിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ടു.

More Stories from this section

family-dental
witywide