
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് സൊലൂഷ്യന്‍സും സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീതും നൽകിയാണ് കുഴല്‍നാടന്റെ ഹർജി തള്ളിയത്. നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക. അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സിഎംആര്‍എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ല എന്ന കാരണത്താല്‍ ഹര്‍ജി തള്ളിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്നാണ് കുഴല്‍നാടന് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണകുമാര്‍ വാദിച്ചത്.















