
കൊച്ചി : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ സംഘടനകളോട് ഫിലിം ചേമ്പര്‍ ശുപാര്‍ശ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ കൊച്ചിയില്‍ ചേരുന്ന ചേമ്പര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.
നടി വിന്‍ സിയുടെ ആരോപണമടക്കമുള്ള വിഷയങ്ങളും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുമാണ് നടന്‍ ഇപ്പോള്‍ കുടുക്കാകുന്നത്.
ഷൈനും വിന്‍ സിയും അഭിനയിച്ച ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സിനിമയിലെ ഐ സി സി അംഗങ്ങള്‍ തുടങ്ങിയവര്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും.വിന്‍സിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ ചേമ്പര്‍ തീരുമാനമെടുക്കുക.
അതേസമയം, ‘സൂത്രവാക്യം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഷൈന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് വിന്‍ സി ആരോപിച്ചിരുന്നു. ഇതില്‍ നാളേക്കകം വിശദീകരണം നല്‍കണമെന്ന് താരസംഘടനയായ ‘അമ്മ’യും ഷൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.















