ഒടുവിൽ പരിഹാരം കണ്ടു തുടങ്ങി; ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച കേരളത്തിൽ നിന്ന് മടങ്ങുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് തകരാറിലായ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച തിരിച്ച് മടങ്ങുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകരാറിലായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 വിമാനമാണ് മടങ്ങാൻ ഒരുങ്ങുന്നത്. അടുത്തയാഴ്ചയോടെ വിമാനം മടങ്ങുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയത്.എത്തിയ പതിനാലംഗ വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ഹാങ്ങറിൽ നടക്കുന്ന അറ്റകുറ്റപ്പണിയിൽ എഫ്-35 വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാരും സംഘത്തിലുണ്ട് . വിമാനത്തിന്റെ തകരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ചയോടെ ബ്രിട്ടണിൻ്റെ എഫ് 35 കേരളം വിടും.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. ഇതോടെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധ സംഘം എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide