
ഗാസാസിറ്റി: യുദ്ധസംഘർഷത്തിൽ നിന്നുള്ള മോചനത്തിൻ്റെ തിരി ഗാസയിൽ തെളിയാൻ പോകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കാനായി അവതരിപ്പിച്ച 20 ഇന സമാധാനപദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
അതേസമയം, മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്ന് ഹമാസ് നിലപാട് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനുമുൻപ് കരാർ അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഇന്ത്യൻസമയം ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചതായി പുറത്തുവിട്ടത്.
ഗാസായുദ്ധം അവസാനിക്കാനായി മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അംഗീകരിച്ചില്ലെങ്കിൽ ഹമാസിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാർ അംഗീകരിക്കാനുള്ള അവസാന അവസരമാണിതെന്നും അതനുസരിച്ചില്ലെങ്കിൽ അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു.
കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ്. അവർ ആളുകളുടെ ജീവിതം അസഹനീയമാക്കി. ഇതിന്റെ പാരമ്യമായിരുന്നു 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരുമെല്ലാം കൊല്ലപ്പെട്ടു. ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ ഞങ്ങൾ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുമെന്നും ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നും, മൃതദേഹങ്ങൾ വിട്ടുനൽകണമെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു.
കരാറിലെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.