
ന്യൂഡൽഹി: രാജ്യത്ത് അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്‌തികളെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം എന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ഗുജറാത്തിൽ സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ. രാജ്യത്ത് 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നിക്ഷേപങ്ങൾ ബാങ്കുകളിലും റെഗുലേറ്റർമാരുടെ പക്കലുമായി ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ട്, ഓഹരികൾ എന്നിവയുടെ രൂപത്തിൽ അവകാശികളില്ലാതെ കിടക്കുകയാണെന്നും സാമ്പത്തിക ആസ്‌തികൾ യഥാർത്ഥ അവകാശികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ധനമന്ത്രി പറഞ്ഞു.
അവകാശികളില്ലാത്ത പണം ബാങ്കുകളിലോ ആർബിഐയിലോ നിക്ഷേപക ഫണ്ടുകളിലോ ഉണ്ട്. ആ ഫണ്ടുകളുടെ യഥാർത്ഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി പണം അവർക്ക് കൈമാറണം. ഡിഎഫ്എസ് (സാമ്പത്തിക സേവന വകുപ്പ്) പ്രകാരം 1,84,000 കോടി രൂപ അവിടെയുണ്ട്. ശരിയായ രേഖകളുമായി വന്നാൽ പണം നൽകും. സർക്കാർ അതിന്റെ സൂക്ഷിപ്പുകാരാണ്. അത് ബാങ്ക് വഴിയോ സെബി വഴിയോ ആകാം. മറ്റേതെങ്കിലും ഏജൻസി വഴിയുമാകാം. പക്ഷേ അത് സുരക്ഷിതമായി അവിടെയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഏതെങ്കിലും കാരണത്താൽ ഒരു ആസ്തി ദീർഘകാലം അവകാശികളില്ലാതെ കിടന്നാൽ, അത് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടും. നിക്ഷേപങ്ങളുടെ കാര്യത്തിൽ അത് ബാങ്കുകളിൽ നിന്ന് ആർബിഐയിലേക്കും, ഓഹരികളോ സമാനമായ ആസ്തികളോ ആണെങ്കിൽ സെബിയിൽ നിന്ന് ‘മറ്റൊരു കേന്ദ്രത്തിലേക്കോ ഐഇപിഎഫിലേക്കോ’ പോകും. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനായി ആർബിഐ ഉദ്ഗം എന്ന പോർട്ടൽ ഉണ്ടാക്കിയിട്ടുണ്ടെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.