
രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക അസ്ഥിരതയും കണക്കിലെടുത്ത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ മൂന്ന് രാജ്യങ്ങളിലെയും എംബസികൾ 2026-ഓടെ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ച് ഫിൻലൻഡ്. ഈ രാജ്യങ്ങളുമായി ഫിൻലൻഡിന് ഇപ്പോൾ ഗണ്യമായ വാണിജ്യ-സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഭാവിയിൽ തന്ത്രപരമായി പ്രധാനപ്പെട്ട പങ്കാളികളായ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി.
അതേസമയം ഇന്ത്യയെ ഫിൻലൻഡ് ഉയർത്തിപ്പിടിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ഉയർത്തിയ തീരുവ ഭീനയത്തെ എലീന ശക്തമായി എതിർത്തു. “ഇന്ത്യ സൂപ്പർ പവറാണ്; റഷ്യയെയും ചൈനയെയും പോലെ കൂട്ടിക്കെട്ടേണ്ടതില്ല” എന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും പ്രസ്താവിച്ചു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനും യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കാനുമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടർച്ചയായ എട്ടാം വർഷവും തിരഞ്ഞെടുക്കപ്പെട്ട ഫിൻലൻഡ്, തങ്ങളുടെ വിദേശനയം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങൾ. ഇതിനോടകം യുഎസിലെ ഹൂസ്റ്റണിൽ പുതിയ കോൺസുലേറ്റ് ജനറൽ തുറന്ന് തന്ത്രപരമായ സാന്നിധ്യം വർധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.











