
ന്യൂഡല്‍ഹി : ജല്‍ഗാവ് ട്രെയിന്‍ ദുരന്തത്തിനു കാരണമായത് ട്രെയിനിന് തീ പിടിച്ചെന്ന ചായ വില്‍പ്പനക്കാരന്റെ കിംവദന്തിയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
പുഷ്പക് എക്‌സ്പ്രസിനുള്ളിലെ ചായ വില്‍പ്പനക്കാരന്‍ തീയുണ്ടെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായവര്‍ രക്ഷപെടാന്‍ അപായ ചങ്ങല വലിക്കുകയും ട്രെയിനില്‍ നിന്നിറങ്ങി അടുത്ത ട്രാക്കിലേക്ക് എത്തിയപ്പോള്‍ അതിലൂടെ വന്ന മറ്റൊരു ട്രെയിനിടിച്ച് ദാരുണമായി മരണപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് ഇവര്‍ മരിച്ചത്.
അപകടത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച 13 പേരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു.
”ഒരു കോച്ചില്‍ തീപിടുത്തമുണ്ടായതായി പാന്റ്റിയില്‍ നിന്നുള്ള ഒരു ചായ വില്‍പ്പനക്കാരന്‍ വിളിച്ചുപറഞ്ഞു’ ഇത് കേട്ട് ജനറല്‍ കോച്ചിലും തൊട്ടടുത്തുള്ള കോച്ചിലുമുള്ളവര്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിച്ചു. ട്രെയിന്‍ വേഗത്തില്‍ പാഞ്ഞുപോകുമ്പോള്‍, ഒരു യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു. ട്രെയിന്‍ നിര്‍ത്തിയതിനുശേഷം, ആളുകള്‍ ഇറങ്ങാന്‍ തുടങ്ങി, തൊട്ടടുത്ത ട്രാക്കില്‍ വെച്ച് കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചുകയറി,” അദ്ദേഹം പറഞ്ഞു.