
കോഴിക്കോട്: കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ച പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു. വൈകീട്ട് അഞ്ച് മണിയോടെ തുടങ്ങിയ തീപിടിത്തം ആറാം മണിക്കൂറിലാണ് നിയന്ത്രണ വിധേയമായത്. ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂർണമായി കത്തിനശിച്ചിട്ടുണ്ട്. നഗരമെങ്ങും കറുത്ത പുക പടർന്നതിൽ ആശങ്ക തുടരുകയാണ്. തീ നിയന്ത്രണവിധേയമായെങ്കിലും ഇതുവരെയും തീ പൂർണമായും കെടുത്താനായിട്ടില്ല. കെട്ടിടത്തിനകത്തുള്ള തീ അണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്.
അതിനിടെ തീപിടിത്തത്തിൽ ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണമെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചെന്നാണ് കണക്കുക്കൂട്ടൽ.