
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ ഉയർന്ന ലൈംഗികാതിക്രമണ ആരോപണങ്ങളിൽ ആദ്യ കേസെടുത്ത് വനിതാ കമ്മീഷന്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എല്‍ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടിയെന്നും സതീദേവി വിവരിച്ചു. രാഹുലിനെതിരെ കൊച്ചിയില്‍ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാവുമെന്നു കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിവരിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്ന കർശന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നാണ് പുറത്തുവരുന്ന വാർത്ത. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാൽ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യു ഡി എഫിന് തലവേദന ഉണ്ടാകുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്താൻ രാജി വേണമെന്നുമുള്ള നിലപാടാണ് സതീശനടക്കമുള്ളവർക്ക്. വിട്ടുവീഴ്ചക്ക് താനില്ലെന്ന് നേതാക്കളോട് സതീശൻ ഉറപ്പിച്ച് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുകയാണ്.










