
പട്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 9:00 വരെ 13% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ സഹർസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 15.27%, അതേസമയം ലഖിസാരായിയിൽ 7% എന്ന മന്ദഗതിയിലുള്ള പോളിംഗ് രേഖപ്പെടുത്തി. ബെഗുസാരായി ജില്ലയിൽ 14.60% പോളിങ് രേഖപ്പെടുത്തി, ഭോജ്പൂരിൽ 13.11%, മുസാഫർപൂരിൽ 14.38%, നളന്ദയിൽ 12.45%, പട്‌നയിൽ 11.22%, വൈശാലിയിൽ 14.30% എന്നിങ്ങനെ പോകുന്ന പോളിംഗ് ശതമാനം.
വ്യാഴാഴ്ച രാവിലെ നിരവധി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. ആര്‍ജെഡി നേതാവും ഇന്ത്യാ സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പിതാവും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയുമൊത്താണ് പട്‌നയിലെത്തി വോട്ട് രേഖപ്പെടുത്തിയത്
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ലഖിസരായിയില്‍ വോട്ട് രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ, പട്‌നയില്‍ വോട്ടുരേഖപ്പെടുത്തിയ കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിംഗ് ‘ലാലന്‍’ എന്നിവരും മറ്റ് പ്രമുഖ വോട്ടര്‍മാരാണ്.
വികസനം മുതല്‍ ക്രമസമാധാനം വരെയുള്ള നിരവധി വിഷയങ്ങളിലാണ് പ്രചാരണം കൊഴുത്തത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പുതിയ ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്വാധീനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ജാതി രാഷ്ട്രീയം വോട്ടിംഗ് രീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും വോട്ടിംഗിലെ പ്രധാന ഘടകമായിരിക്കും.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 1,341 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് ആറു വരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.
First phase of polling underway in Bihar; 13% polling recorded till 9 am















