ഏഴ് ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച, നാളെ കലാശക്കൊട്ട്; ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍

തിരുവനന്തപുരം: മൂന്നാഴ്ചയിലേറെ നീണ്ട ആവേശകരമായ പ്രചാരണത്തിൻ്റെ ഒന്നാം ഘട്ടം നാളെ അവസാനിക്കും. ഡിസംബര്‍ 9ന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് നാളെ കലാശക്കൊട്ടിലേക്ക് എത്തുന്നത്. ഡിസംബര്‍ 11 ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരസ്യ പ്രചാരണം 9 ന് വൈകിട്ട് 6 ന് സമാപിക്കും. 13നാണ് വോട്ടെണ്ണല്‍.

മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും 14 ജില്ലാ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്താകെ 75,644 സ്ഥാനാര്‍ഥികളാണ് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ജനവിധി തേടുന്നത്. ഇതില്‍ 39,609 സ്ത്രീകളും 36,034 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ജനവിധി തേടുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ നിന്നുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി മത്സരരംഗത്തുള്ളത്.

കലാശക്കൊട്ട് തികച്ചും സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെൻ്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും പൊലീസ് അധികാരികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ലെന്നും നിർദേശമുണ്ട്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. നിശ്ചിത സമയത്തിനു ശേഷവും ക്യൂവിലുള്ളവര്‍ക്ക് പ്രത്യേക സ്ലിപ്പ് നല്‍കി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കും.

First phase of voting in seven districts on Tuesday.

More Stories from this section

family-dental
witywide