ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിൽ വെള്ളിയാഴ്ച രാത്രി വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. രാത്രി ഏകദേശം 9.54ഓടെ വീടിന്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. ആ സമയത്ത് പ്രദേശത്ത് ഉണ്ടായ കനത്ത കാറ്റ് തീ അതിവേഗം പടരാൻ കാരണമായെന്നും പാറ്റേഴ്‌സൺ ഫയർ ചീഫ് അലക്‌സ് അലീസിയ വ്യക്തമാക്കി. കാറ്റ് ശക്തമായതിനാൽ തീ വേഗത്തിൽ രണ്ടാം നിലയിലേക്ക് പടർന്നു. അവിടെ നിന്നാണ് രണ്ട് മുതിർന്നവരെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അലീസിയ മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റു 11 പേർ തീയിൽ നിന്ന് രക്ഷപ്പെട്ടു എങ്കിലും, അവർ ഇപ്പോൾ വീടില്ലാത്ത അവസ്ഥയിലാണ്. റെഡ് ക്രോസ് സംഘങ്ങൾ ഇവരെ സഹായിക്കാനായി സ്ഥലത്തെത്തിയെന്നും ഫയർ ചീഫ് അറിയിച്ചു. അതേസമയം, മരണപ്പെട്ട അഞ്ചുപേരുടെയും തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Five dead in New Jersey house fire; two adults and three children killed















