
അമേരിക്കയിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മലയാളി നഴ്സ് വിട പറഞ്ഞിട്ട് അഞ്ചു വർഷം ആകുന്നു. ഓർമകളിൽ തീരാനോവായി കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മെറിൻ ജോയിയുടെ മരണത്തിന് ഈ മാസം 28ന് അഞ്ച് വർഷമാകുകയാണ്. മെറിൻ്റെ ഭർത്താവായ ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവാണ് (നെവിൻ) ഈ ക്രൂരകൃത്യം നടത്തിയത് എന്ന നടുക്കം ഇന്നും മലയാളികളിൽ നിന്ന് വിട്ടുപോയിട്ടില്ല. 2016ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമാണ് മെറിൻ അമേരിക്കയിലേക്ക് പോയത്.
മെറിനെ ഭർത്താവ് നെവിൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മെറിന്റെ സഹപ്രവർത്തക മിനിമോൾ ചൊറിയമ്മാക്കൽ വെളിപ്പെടുത്തിയിരുന്നു. ‘നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും’ എന്നായിരുന്നു ഭീഷണി. 2019 ഡിസംബറിൽ നാട്ടിൽ വെച്ച് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിനെക്കുറിച്ചും മെറിൻ പറഞ്ഞിരുവെന്നും മിനിമോൾ വെളിപ്പെടുത്തിയിരുന്നു.
2020 ജൂലൈ 28ന് അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ 17 തവണ കുത്തിയും കാർ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയിറക്കിയുമാണ് ഫിലിപ്പ് കൊലപ്പെടുത്തിയത്. മെറിനെ കണ്ടതോടെ കാർ പാർക്കിങ്ങിൽ കാത്തുനിന്ന ഫിലിപ്പ് ആക്രമിക്കുകയായിരുന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, 17 തവണ കുത്തുകയും ശേഷം മെറിൻ താഴെ വീണപ്പോൾ ഫിലിപ്പ് കാർ ദേഹത്തിലൂടെ ഓടിച്ചു കയറ്റിയിറക്കി എന്നുമാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെറിന്റെ ജീവൻ രക്ഷിക്കാനായില്ല.
എപ്പോൾ വേണമെങ്കിലും ഫിലിപ്പ് ആക്രമിക്കുമെന്ന ഭീതി മെറിനുണ്ടായിരുന്നതിനാൽ ജോലി ചെയ്‌തിരുന്ന കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്‌പിറ്റലിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നു. കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്‌പിറ്റലിലെ മെറിന്റെ അവസാനത്തെ ജോലി ദിവസമാണ് ഫിലിപ്പ് കൃത്യം നടത്താൻ തിരഞ്ഞെടുത്തത്. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്യുന്ന ഫിലിപ്പ്, മെറിനെ ആക്രമിക്കാൻ വേണ്ടി കോറൽ സ്പ്രിങ്ങിൽ വന്ന് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ മെറിനും ഫിലിപ്പും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് ഈ കേസിൽ ഫിലിപ്പിനെ കുടുക്കിയത് . മെറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഫിലിപ്പ് മാത്യു ബ്രൊവാഡ് ഹെൽത്ത് ആശുപത്രിക്ക് പുറത്ത് ഏകദേശം 45 മിനിറ്റോളം കാത്തുനിന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒരു ദൃക്സാക്ഷിയെ ഫിലിപ്പ് ഭീഷണിപ്പെടുത്തുകയും അയാളാണ് കാറിന്റെ ഫോട്ടോ എടുത്ത് പൊലീസിന് വിവരം നൽകിയത്. കുത്തിയത് ഭർത്താവ് തന്നെയാണെന്ന് മെറിൻ പറയുന്ന ദൃശ്യങ്ങൾ ഇതെല്ലാം കേസിൽ നിർണായക തെളിവുകളായി മാറി. ഫിലിപ്പിന്റെ അഭിഭാഷകൻ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമല്ലെന്നും, പ്രതിക്ക് മാനസിക പ്രശ്‌ങ്ങളുണ്ടെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കത്തിയും ചുറ്റികയും വാങ്ങിയാണ് ഫിലിപ്പ് ആശുപത്രിയിൽ എത്തിയത് എന്നതും കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിക്ക് ബോധ്യമായി.
കൊല്ലപ്പെടുമ്പോൾ ഇവരുടെ മകൾ നോറയ്ക്ക് രണ്ട് വയസ്സായിരുന്നു പ്രായം. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ വിളിച്ച് അച്ഛൻ ജോയി, അമ്മ മേഴ്‌സി, സഹോദരി മീര എന്നിവരോടെല്ലാം സംസാരിച്ചിരുന്നു. മകൾ നോറയുടെ കുസൃതികളും ആസ്വദിച്ചു. എന്നാൽ പിന്നീട് ആ കുടുംബം കേട്ടത് ക്രൂരകൃത്യത്തിന്റെ ഞെട്ടിച്ച വാർത്തയാണ്. യുഎസിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലാണ് മെറിന്റെ സംസ്കാരം നടന്നത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിൽ ഉണ്ടായിരുന്നതിനാൽ അവരാണ് സംസ്കാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയത്. 17 കുത്തേറ്റതിനാലും വാഹനം കയറ്റിയിറക്കിയതിനാലും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ സാധിക്കാത്ത അവസ്‌ഥ ആയതിനാൽ റ്റാംപയിൽ വെച്ച് തന്നെ മെറിന്റെ അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു. പിറവം മരങ്ങാട്ടിൽ ജോയിയുടെയും മേഴ്സിയുടെയും മൂത്ത മകളായിരുന്നു മെറിൻ. പഠനത്തിൽ മിടുക്കിയായിരുന്ന മെറിൻമയാമിയിൽ നഴ്‌സായാണ് ജോലി ചെയ്തിരുന്നത്.