
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികൾക്ക് വേതനം നിശ്ചയിക്കുന്നതിന് ശമ്പള കാര്‍ഡ് കൊണ്ടുവരാൻ തീരുമാനിച്ച് കർണാടക സർക്കാർ. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി ബില്ലിന്റെ പ്രധാനഭാഗമായിരിക്കും ഈ പരിഷ്‌കരണങ്ങള്‍. കൂടാതെ ഇതുമായി ബന്ധപ്പെട്ട പദ്ധതി സര്‍ക്കാര്‍ ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും. പല തൊഴിലാളികള്‍ക്കും ചെയ്യുന്ന ജോലിക്ക് മതിയായ പണം ലഭിക്കാത്ത സാഹചര്യം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബില്‍ നടപ്പാക്കുന്നത്.
നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ നഗര- ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ചെയ്യുന്ന ജോലികള്‍ക്കും സമയത്തിനും അനുപാതമായി വേതനം നിശ്ചയിക്കാനാണ് തീരുമാനം. വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിരവധിയാളുകള്‍ പീഡനം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണത്തിനൊരുങ്ങുന്നതെന്നും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്നും കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. ജോലി ചെയ്‌യുന്നവരുടെ എണ്ണം, അവര്‍ക്ക് വൈദ്യസഹായങ്ങളോ മറ്റോ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു.