
അയോധ്യ: നിര്‍മ്മാണം പൂര്‍ത്തിയായ അയോധ്യാ രാമക്ഷേത്രത്തിലെ ധ്വജാരോഹണം അല്പസമയത്തിനകം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിര്‍വഹിക്കുക. പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് പതാക ഉയര്‍ത്തും, ഇത് ക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തെ സൂചിപ്പിക്കുന്നു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും. 2020 ല്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതും 2024 ല്‍ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ചടങ്ങിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷാ ശക്തമാക്കി. ‘ധ്വജാരോഹണം’ ചടങ്ങിൽ ഉയർത്തുന്ന പതാകയ്ക്ക് 10 അടി ഉയരവും 22 അടി നീളവുമുണ്ട്, അതിൽ ഒരു ഓം, കോവിദാര വൃക്ഷം എന്നിവയോടൊപ്പം തിളങ്ങുന്ന സൂര്യന്റെ ചിത്രവും ഉണ്ട്. പ്രതീകാത്മകമായ “രണ്ടാം പ്രാണ പ്രതിഷ്ഠ” എന്ന് പലരും വിശേഷിപ്പിക്കുന്ന പരിപാടിക്ക് ശേഷം, പ്രധാനമന്ത്രി മോദി സദസ്സിനെ അഭിസംബോധന ചെയ്യും.
ചടങ്ങിന് മുന്നോടിയായി അയോധ്യ അവസാന ഘട്ട ഒരുക്കങ്ങളിലായിരുന്നു. ആഘോഷ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആളുകള്‍ അയോധ്യയില്‍ എത്തിയിട്ടുണ്ട്. നഗരവും ക്ഷേത്രവും 100 കിലോഗ്രാം പൂക്കളാല്‍ അലങ്കരിച്ചിരിട്ടുണ്ട്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6,000 മുതൽ 7,000 വരെ അതിഥികളെ ക്ഷേത്ര ട്രസ്റ്റ് ഈ പരിപാടിക്കായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാശി പണ്ഡിതനായ ഗണേശ്വർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അയോധ്യ, കാശി, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 108 ആചാര്യന്മാരാണ് ചടങ്ങുകൾ നിർവഹിക്കുക. അയോധ്യയിൽ സുരക്ഷ ശക്തിപ്പെടുത്തി. എടിഎസ് കമാൻഡോകൾ, എൻഎസ്ജി സ്‌നൈപ്പർമാർ, സൈബർ ടീമുകൾ, സാങ്കേതിക ജീവനക്കാർ എന്നിവരുൾപ്പെടെ 6970 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
മഹര്‍ഷി വസിഷ്ഠന്‍, മഹര്‍ഷി വിശ്വാമിത്രന്‍, മഹര്‍ഷി അഗസ്ത്യന്‍, മഹര്‍ഷി വാല്‍മീകി, ദേവി അഹല്യ, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ അയോധ്യയിലെ സപ്തമന്ദിരത്തിലുണ്ട്.
Flag hoisting ceremony to be held at the completed Ayodhya Ram temple soon.












