
മാർട്ടിൻ വിലങ്ങോലിൽ
ഫ്രിസ്കോ: നോർത്ത് ഡാളസിൽ കഴിഞ്ഞവർഷം പുതുതായി സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ വിശുദ്ധ മറിയം ത്രേസ്യായുടെ പ്രഥമ തിരുനാളിന് കൊടിയേറി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം 6 ന് നടന്ന ഭക്തിനിർഭരമായ ചടങ്ങുകളിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുനാൾ കൊടിയേറ്റി. തുടർന്ന് മാർ. ആലപ്പാട്ട് മുഖ്യകാർമികനായി ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, കൊപ്പേൽ സെന്റ്. അൽഫോൻസാ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് എന്നിവർ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി.
കുടുംബങ്ങളുടെ പ്രേഷിതയായ വിശുദ്ധ മറിയം ത്രേസ്യാ പുണ്യവതിയുടെ ജീവിതം തിരുകുടുംബങ്ങളിൽ അനുകരണീയമാക്കണമെന്ന് മാർ. ആലപ്പാട്ട് ആഹ്വാനം ചെയ്തു. ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ വരികളെഴുതി, ഈണം നൽകിയതിരുനാളിനോടനുബന്ധിച്ച് പ്രകാശനം ചെയ്ത വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രത്യേക പ്രാർത്ഥനാ ഗാനത്തിന്റെ ഉദ്ഘാടനവും വേദിയിൽ മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചു. കുടുംബ നവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനുമായി നോർത്ത് ഡാളസിലെ എല്ലാ കുടുംബങ്ങൾക്കായും പ്രാർത്ഥനാഗാനം സമർപ്പിക്കുന്നതായി ഫാ. ജിമ്മി പറഞ്ഞു.
കേരളത്തിൽ നിന്ന് കൊണ്ടുവന്ന പുണ്യവതിയുടെ തിരുസ്വരൂപവും പുണ്യവതിയുടെ കബറിടമായ കുഴിക്കാട്ടുശേരിയിൽ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും മിഷനിൽ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. തിരുശേഷിപ്പു വണക്കത്തിന് ശേഷം പരിപാടികൾക്കു സമാപനമായി. ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട് (ഫെയ്ത്ത് ഫോർമേഷൻ), റോയ് വർഗീസ് (അക്കൗണ്ടന്റ് ) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.