ദില്ലി: ദില്ലിയുടെ ആകാശത്ത് കഴിഞ്ഞ രാത്രി പ്രത്യക്ഷമായ ജ്വാല ഉൽക്കയല്ല സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹത്തിന്‍റെ റീ-എന്‍ട്രി ആണെന്ന് സ്ഥിരീകരണം. ഇന്നലെ രാത്രി ദില്ലി എന്‍സിആര്‍ മേഖലയാകെ ദൃശ്യമായ ഈ കാഴ്‌ച ഉല്‍ക്കാ ജ്വലനത്തിന്‍റെതാണ് എന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ട്.
എന്നാല്‍, സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയിലെ സാറ്റ്‌ലൈറ്റുകളിലൊന്ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചപ്പോള്‍ സംഭവിച്ച പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണിത് എന്ന് ബഹിരാകാശ നിരീക്ഷണ രംഗത്തെ സ്വകാര്യ ഏജന്‍സിയായ ‘ഇന്ത്യാമെറ്റ്‌സ്കൈ വെതര്‍’ എക്‌സില്‍ അറിയിച്ചു.
ദില്ലിക്ക് പുറത്ത് നോയിഡ, ഗാസിയാബാദ്, ഗുഡ്‌ഗാവ്, അലിഗഡ് തുടങ്ങിയ അയൽ നഗരങ്ങളിലും ദൃശ്യമായ ഈ ജ്വാലയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭൗമാന്തരീക്ഷത്തിലൂടെ ഒരു തീജ്വാല കടന്നുപോകുന്നതായിരുന്നു വീഡിയോകളില്‍ ഉണ്ടായിരുന്നത്.















