
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 80 മരണം. 47 പേരെ കാണാതായി. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്.
മരണസംഖ്യ ഇങ്ങനെ
കെര്‍ കൗണ്ടിയില്‍ 68 പേര്‍ , ട്രാവിസ് കൗണ്ടിയില്‍ 5, ബര്‍നെറ്റ് കൗണ്ടിയില്‍ 3, കെന്‍ഡാല്‍ കൗണ്ടിയില്‍ 2 , ടോം ഗ്രീന്‍ കൗണ്ടിയില്‍ ഒരാള്‍, വില്യംസണ്‍ കൗണ്ടിയില്‍ ഒരാള്‍.
അതേസമയം, ടെക്‌സസില്‍ വീണ്ടും മഴ തുടരുകയാണ്. മൂന്നാം ദിവസത്തിലേക്ക് കടന്ന രക്ഷാപ്രവര്‍ത്തനത്തിന് മഴ ഒരു തടസ്സമാണ്. ചെളിമൂടിക്കിടക്കുന്ന നദീതീരങ്ങളില്‍ നിറയെ വിഷപാമ്പുകളും രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുകയാണ്. കെര്‍ കൗണ്ടിയിലെ ഗ്വാഡലൂപ് നദിക്കരയിലുണ്ടായിരുന്ന കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യന്‍ ഗേള്‍സ് സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ 11 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മിന്നല്‍ പ്രളയമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ഗ്വാഡലൂപ്പ് നദിയിലെ ജലം 26 അടി (8 മീറ്റര്‍) ഉയര്‍ന്നു. ഒരുമാസം പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൊണ്ട് പെയ്യുകയായിരുന്നു. രാത്രി ഉറക്കത്തിലായിരുന്ന ആളുകളെയാണ് നദി കരകവിഞ്ഞ് കൊണ്ടുപോയത്.
ഇനിയും ശക്തമായ മഴയും പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് 20 കൗണ്ടികള്‍ക്കായി ദുരന്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്, കൂടാതെ 1,000-ലധികം സംസ്ഥാന രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. യു.എസ്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പല റോഡുകളും ഒലിച്ചുപോയി.
‘പ്രളയത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഈ ദുരന്തം ടെക്‌സസിന്റെ ഹൃദയത്തെ തകര്‍ത്തിരിക്കുന്നുവെന്നു വ്യക്തമാക്കിക്കൊണ്ട് ദുരന്തബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പില്‍ നിന്നും മറ്റും നിരവധി ഫെഡറല്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിനാലാണ് ദുരന്തം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാതിരുന്നത് എന്ന വിമര്‍ശനം അദ്ദേഹം തള്ളി. ഈ വെള്ളിയാഴ്ച ദുരന്തഭൂമിയിലേക്ക് എത്തുമെന്നാണ് അദ്ദേഹം ഞായറാഴ്ച ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഞായറാഴ്ച പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നല്‍പ്രളയം ടെക്‌സസിനെ കണ്ണീരിലാഴ്ത്തിയത്. 3 മണിക്കൂര്‍ കൊണ്ട് സൗത്ത് സെന്‍ട്രല്‍ ടെക്‌സസില്‍ പലയിടത്തും പെയ്തത് 254 മില്ലിമീറ്റര്‍ മഴയാണ്. ടെക്‌സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കു വേണ്ടി 1926 മുതല്‍ നടക്കുന്ന മിസ്റ്റിക് വേനല്‍ക്കാല ക്യാംപിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവര്‍ക്ക് താമസിക്കാന്‍ സജ്ജമാക്കിയ കാബിനുകള്‍ കൂട്ടത്തോടെ ഒഴുകിപ്പോയി. 8 വയസ്സു മുതലുള്ള കുട്ടികള്‍ ക്യാംപിലുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ഥന
വത്തിക്കാനില്‍, ഞായറാഴ്ച കുര്‍ബാനയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്ക് ലിയോ മാര്‍പ്പാപ്പ ഒരു പ്രത്യേക പ്രാര്‍ത്ഥന നടത്തി, ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടെക്‌സസിലെ ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന അവരുടെ പെണ്‍മക്കള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു’ എന്ന് മാര്‍പാപ്പ പറഞ്ഞു.