
ടെക്സസ്: ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 24-ലേക്ക്. ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 13 മരണമായിരുന്നു. 25 ഓളം പേരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 25 ഓളം പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് വന്‍ നാശനഷ്ടവുമുണ്ടായി.
നിരവധി ഹെലികോപ്റ്ററുകളും ആളുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയാണ്. അതേസമയം പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കുള്‍പ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സെന്‍ട്രല്‍ ടെക്‌സസില്‍ രാത്രി മുഴുവന്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തകര്‍ അക്ഷീണം ജോലികളിലാണ്. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ക്യാമ്പ് മിസ്റ്റിക്കില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് കാണാതായവരില്‍ ഏറെയും. ക്യാമ്പില്‍ ഏകദേശം 750 പേരുണ്ടായിരുന്നു.
നൂറുകണക്കിന് അടിയന്തര സേവന ഉദ്യോഗസ്ഥര്‍ ഒറ്റപ്പെട്ടുപോയ ആളുകളെ കണ്ടെത്താനും രക്ഷപെടുത്താനുമായി പ്രദേശത്തുണ്ട്. സെന്‍ട്രല്‍ ടെക്‌സസിലെ 15 കൗണ്ടികളെ ഉള്‍പ്പെടുത്തി അടിയന്തര ദുരന്ത പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഒപ്പുവച്ചു. കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ക്കുള്ള സംസ്ഥാന ധനസഹായം ഇതോടെ വേഗത്തിലാകും.
തകര്‍ന്ന വൈദ്യുതി ലൈനുകളും റോഡുകളിലെ വെള്ളപ്പൊക്കവും മൊബൈല്‍ ഫോണ്‍ സേവനം തകരാറിലായതും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് സെന്‍ട്രല്‍ ടെക്‌സസില്‍ ഇപ്പോഴുള്ളത്. ഇവയെല്ലാം രക്ഷാപ്രവര്‍ത്തകര്‍ക്കും വെല്ലുവിളിയാണ്. കാണാതായവരെ തിരയാന്‍ സഹായിക്കുന്നതിന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം യുഎസ് കോസ്റ്റ് ഗാര്‍ഡിനെയും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയെയും സജീവമാക്കിയിട്ടുണ്ടെന്ന് ഏജന്‍സിയുടെ വക്താവ് ട്രിസിയ മക്ലൗഗ്ലിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
1987 ജൂലൈ 17 നാണ് ഗ്വാഡലൂപ്പ് നദിയില്‍ ഇത്തരത്തില്‍ അപകടകരമായി ജലനിരപ്പ് ഉയര്‍ന്നത്.