
കൊച്ചി : ഇന്ത്യാ- പാക് സംഘര്‍ഷം കനത്തതോടെ രംഗത്തിറങ്ങിയത് ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത്. കറാച്ചി തുറമുഖം ആക്രമിച്ച് തകര്‍ത്തത് ഐഎന്‍എസ് വിക്രാന്താണ് എന്നാണ് വിവരം.
ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ്. വിക്രാന്ത്. കേരളത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിക്കാവുന്ന കപ്പല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലാണ് നിര്‍മ്മിച്ചത്. രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്.
ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നല്‍കിയിരിക്കുന്നത്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു പഴയ കപ്പല്‍.
2009-ല്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി ഏ.കെ. ആന്റണിയാണ് കപ്പല്‍ നിര്‍മ്മാണത്തിനു തുടക്കമിട്ടത്. 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും 2014ല്‍ കമീഷന്‍ചെയ്യാനുമായിരുന്നു ആദ്യം തീരുമാനമെങ്കിലും നിര്‍മ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയില്‍നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടംമറിഞ്ഞതോടെ പിന്നീട് ഡിആര്‍ഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പല്‍നിര്‍മ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍തന്നെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു. പിന്നെയും ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അവസാനം 2013 ഓഗസ്റ്റ് 12നു നീറ്റില്‍ ഇറക്കി.
ഐഎന്‍എസ് വിക്രാന്തിന് 43,000 ടണ്‍ ഫുള്‍-ലോഡ് ഡിസ്പ്ലേസ്മെന്റ്, 262 മീറ്റര്‍ നീളം, 28 നോട്ടിക്കല്‍ മൈല്‍ വേഗത എന്നിവയുണ്ട്. കൂടാതെ 7,500 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാനും കഴിയും. വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏകദേശം 1600 പേരടങ്ങുന്ന ക്രൂവിനെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. കൂടാതെ ആധുനിക സൗകര്യങ്ങളുള്ള 16 കിടക്കകളുള്ള ഒരു ആശുപത്രിയും ഇതിലുണ്ട്. ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഐസിയു, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ സുസജ്ജമായ മെഡിക്കല്‍ കോംപ്ലക്‌സുള്ള ഒരു ആശുപത്രിയാണിത്.
യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 30 വിമാനങ്ങള്‍ വരെ പറത്താന്‍ കപ്പലില്‍ സജ്ജീകരണമുണ്ട്. മിഗ്-29കെ യുദ്ധവിമാനങ്ങള്‍, കാമോവ്-31 ഹെലികോപ്റ്ററുകള്‍, എംഎച്ച്-60ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്റ്ററുകള്‍, തദ്ദേശീയ എഎല്‍എച്ച്, എല്‍സിഎ (നേവി) എന്നിവയുള്‍പ്പെടെ 30 വിമാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാനാകും.
വിമാനങ്ങള്‍ പറന്നുയരാനുള്ള സ്‌കീ-ജമ്പും അറസ്റ്റര്‍ വയറുകളും ഉള്ള ഒരു ഷോര്‍ട്ട് ടേക്ക്-ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി (സ്റ്റോബാര്‍) കോണ്‍ഫിഗറേഷന്‍ കപ്പല്‍ ഉപയോഗിക്കുന്നു. യന്ത്രങ്ങളുടെ പ്രവര്‍ത്തനം, കപ്പല്‍ നാവിഗേഷന്‍, അതിജീവനം എന്നിവയ്ക്കായി ഉയര്‍ന്ന തോതിലുള്ള ഓട്ടോമേഷനോടെയാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന് 18 നിലകളുണ്ട് (14 ഡെക്കുകള്‍) . ഇതില്‍ 2300 കമ്പാര്‍ട്ടുമെന്റുകളുണ്ട്, ഏകദേശം 1600 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ന്റെ മുന്‍ഭാഗം വളഞ്ഞ റാമ്പു പോലെയാണ്. ഇതുമൂലം കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. 20,000 കോടിയിലേറെ രൂപയാണ് വിക്രാന്ത് നിര്‍മാണത്തിനുണ്ടായ ചെലവ്. കൊച്ചി കപ്പല്‍ശാലയില്‍ രജിസ്റ്റര്‍ ചെയ്ത 550ലേറെ സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിച്ചു.
മലിനജലം പുറന്തള്ളാത്ത വിക്രാന്തില്‍ അതു ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ശുചീകരണശാല സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഓക്സിജന്‍, നൈട്രജന്‍
പ്ലാന്റുകളും വിക്രാന്തിലുണ്ട്. കപ്പലിന്റെ ഉള്ളില്‍ 684 ഏണികളും 10,000ത്തിലേറെ പടവുകളുമാണുള്ളത്.
ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി വിമാനവാഹിനിക്കപ്പലിനെ ഒരു ഫ്‌ലോട്ടിംഗ് എയര്‍ഫീല്‍ഡ് എന്നും ഫ്‌ലോട്ടിംഗ് ടൗണ്‍ എന്നും വിശേഷിപ്പിച്ചു. ഐഎന്‍എസ് വിക്രാന്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 5,000 വീടുകള്‍ക്ക് വെളിച്ചം നല്‍കാന്‍ കഴിയും.